
കോഴിക്കോട്: അഴീക്കോട് എം.എൽ.എ കെ.എം ഷാജിയുടെ മാലൂർകുന്നിലെ വീട്ടിലെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ ഭാര്യയ്‌ക്ക് കോഴിക്കോട് കോർപറേഷൻ നോട്ടീസയച്ചു. ഡിസംബർ 17ന് ഹാജരായി വിശദീകരണം നൽകണമെന്നാണ് കെ.എം ഷാജിയുടെ ഭാര്യ ആശയോട് കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാലൂർകുന്നിലെ വീട് ആശയുടെ പേരിലാണ്. അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടിക്കായാണ് നോട്ടീസയച്ചിരിക്കുന്നത്.
കോർപറേഷൻ അനുമതി നൽകിയത് പ്രകാരം 3200 ചതുരശ്രയടിയാണ് വീടിന് വിസ്‌തീർണം ഉണ്ടാകേണ്ടത്. എന്നാൽ ഇത് 5500 ചതുരശ്രയടിയുണ്ടെന്ന് കോർപറേഷൻ നടത്തിയ അളവെടുപ്പിൽ കണ്ടെത്തി. 2016ൽ അനധികൃത നിർമ്മാണം നടത്തിയതായി കണ്ടെത്തിയ മൂന്നാം നിലയുടെ പ്ളാൻ നൽകിയിരുന്നു. എന്നാൽ അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവൽക്കരിക്കാൻ അന്ന് നോട്ടീസ് നൽകിയെങ്കിലും കെ.എം ഷാജി മറുപടി നൽകിയില്ല. തുടർന്ന് പുതിയ നിർമ്മാണത്തിന് വീട്ട് നമ്പർ നൽകിയിരുന്നില്ല.
ഷാജിയുടെ മണ്ഡലത്തിലെ അഴീക്കോട് ഹൈസ്‌ക്കൂളിൽ പ്ളസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ എം.എൽ.എ കൈക്കൂലി വാങ്ങി എന്ന് സി.പി.എം നേതാവ് കുടുവൻ പദ്‌മനാഭൻ പരാതി നൽകിയിരുന്നു. തുടർന്ന് പരാതിയിൽ അന്വേഷണം ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് അധികൃതർ കോർപറേഷനോട് സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോർപറേഷൻ വീട്ടിൽ നടത്തിയ അളവെടുപ്പിലാണ് അനധികൃത നിർമ്മാണം കണ്ടെത്തിയത്.
കഴിഞ്ഞദിവസം അന്വേഷണത്തിന്റെ ഭാഗമായി എം.കെ മുനീർ എം.എൽ.യുടെ ഭാര്യ നഫീസയെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. ആശയുടെയും നഫീസയുടെയും പേരിൽ ഒന്നിച്ച് വാങ്ങിയതാണ് ഷാജിയുടെ വീടിരിക്കുന്ന ഭൂമി. പിന്നീട് എം.കെ മുനീർ ഈ ഭൂമി വിറ്റു. ഭൂമി വാങ്ങിയ സംഭവത്തിൽ ഇതിനുപയോഗിച്ച പണത്തിന്റെ സ്രോതസ് അന്വേഷിക്കണം എന്ന് ഐ.എൻ.എൽ നേതാവ് അബ്‌ദുൾ അസീസ് നൽകിയ പരാതിയെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് നഫീസയെ ചോദ്യം ചെയ്‌തത്. 2010ൽ ഷാജിയും എം.കെ.മുനീറും ചേർന്ന് 1.02 കോടി രൂപയ്‌ക്ക് വാങ്ങിയതാണ് 92 സെന്റിന്റെ ഈ ഭൂമിയെന്നും എന്നാൽ രേഖകളിൽ 37 ലക്ഷമെന്ന് മാത്രം കാണിച്ച് സ്‌റ്റാമ്പ് ഡ്യൂട്ടിയിൽ വെട്ടിപ്പ് നടത്തിയെന്നും പരാതിയിൽ പറയുന്നു.