crocodile-

തൃശൂർ : ഉറക്കച്ചടവോടെ രാവിലെ അഞ്ച് മണിക്ക് വീടിന്റെ മുൻവാതിൽ തുറന്ന ഷാജന് കണികാണാനായത് ഒരു വിശിഷ്ടാതിഥിയെ. ഒന്നേ കണ്ടുള്ളൂ കണിമതിയാക്കി നിലവിളിച്ചുകൊണ്ട് ഗൃഹനാഥൻ വാതിലടച്ചു. ജനാലവഴി നോക്കിയപ്പോഴാണ് വിരുന്നുകാരനായ അതിഥി മുതലയുടെ വിശ്വരൂപം വീട്ടുകാർ ശരിക്കും കണ്ടത്. ഭീമാകാരൻ മുതല വാതിലിന് മുന്നിൽ ആരെയോ പ്രതീക്ഷിച്ച പോലെ കിടക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചു. ആതിരപ്പിള്ളി പുഴയുടെ സമീപത്താണ് ഷാജൻ താമസിക്കുന്നത്. അതിനാൽ പുഴ വഴിയെത്തിയതാണ് മുതലയെന്ന് കരുതുന്നു.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് മുതലയെ പുഴയിലേക്ക് അയക്കുവാനായത്. മുതലയെ പിടിച്ചു കെട്ടാൻ നാട്ടുകാരും ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒത്തുകൂടി. കുറച്ചു മാസങ്ങൾക്ക് മുൻപ് തൃശൂരിൽ രാത്രി റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന മുതലയുടെ വീഡിയോ ബൈക്ക് യാത്രക്കാർ പകർത്തിയിരുന്നു.