pic

കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് മുക്കിൽ ദിവസങ്ങൾക്കു മുമ്പ് നവവരന് നേരെ വധുവിന്റെ ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.വധുവിന്റെ അമ്മാവന്മാരായ മൻസൂർ,​ സൻസീർ എന്നിവരാണ് അറസ്റ്റിലായത്. കാവുംവട്ടം പറയച്ചാലിൽ ഫിസയിൽ കബീറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാവുംവട്ടത്തെ മുഹമ്മദ് സ്വാലിഹിനു നേരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. എട്ടംഗ സംഘത്തിലെ മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കീഴരിയൂരിലെ പെൺകുട്ടിയെ ആറു മാസം മുമ്പ് സ്വാലിഹ് രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. പെൺകുട്ടിയുടെ അമ്മാവന്മാർ പിറ്റേന്ന് യുവാവിനെ വളഞ്ഞുവച്ച് മർദ്ദിക്കുകയും പിന്നീട് പള്ളിക്കമ്മിറ്റി മുൻകൈയെടുത്ത് നിക്കാഹ് നടത്താൻ തീരുമാനിച്ചിരുന്നു. നവദമ്പതികൾ കാറിൽ വരുന്നതിനിടയ്ക്ക് ഗുണ്ടാസംഘം വാഹനം തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഒരു വിധത്തിൽ കുതറിമാറിയ യുവാവ് വധുവിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയാണുണ്ടായത്. യാദൃച്ഛികമായി അതുവഴിയെത്തിയ പൊലീസ് വാഹനം കണ്ട് പ്രതികൾ ഓടി മറയുകയായിരുന്നു. കേസിലെ പ്രതികളിൽ ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയവരുമുണ്ട്.