
ഇസ്ളാമാബാദ് : മൂന്ന് തവണ വിവാഹിതനായെങ്കിലും ഇമ്രാൻ ഖാൻ സ്‌നേഹമില്ലാത്തവനാണ് എന്നാരും പറഞ്ഞിട്ടില്ല, കാരണം അപ്പോഴും ആദ്യ ഭാര്യയെ ട്വിറ്ററിൽ ഫോളോ ചെയ്യാനുള്ള 'മഹാമനസ്‌കത' അദ്ദേഹം കാട്ടിയിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ട് പാക് പ്രധാനമന്ത്രിക്ക് എന്ത് സംഭവിച്ചു എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഫോളോ ചെയ്തിരുന്ന എല്ലാവരെയും പുറത്താക്കിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. ആദ്യ ഭാര്യയായ സിനിമാ നിർമ്മാതാവ് ജെമിമ ഗോൾഡ്സ്മിത്തിനും ഇക്കുറി ആനുകൂല്യമൊന്നും നൽകാതെ ട്വിറ്ററിന്റെ പടിക്ക് പുറത്താക്കിയിരിക്കുകയാണ് മുൻ ക്രിക്കറ്റർ കൂടിയായ ഇമ്രാൻ ഖാൻ.
ഇമ്രാൻ ഖാന്റെ ഈ പ്രവർത്തിക്ക് നിരവധി കാരണങ്ങളാണ് അനുകൂലിക്കുന്നവരും എതിർക്കുന്നവരും കണ്ടു പിടിച്ചിരിക്കുന്നത്. ആദ്യ ഭാര്യയുമായി ബന്ധപ്പെട്ട എന്തോ ആണ് ഈ കടുംകൈ ചെയ്യാൻ ഇമ്രാനെ പ്രേരിപ്പിച്ചതെന്ന് പറയുന്നു ചിലർ. അതേ സമയം പ്രതിപക്ഷത്തിന്റെ ഐക്യത്തോടെയുള്ള സമരത്തിൽ പരാജയഭീതിയിലായ ഇമ്രാൻ സമചിത്തത കൈവിട്ട് ചെയ്തതാണ് ഇതെന്നും എതിരാളികൾ പ്രചരിപ്പിക്കുന്നു.