
ദൂരദർശൻ  പിച്ചവച്ചു തുടങ്ങിയ സമയം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, നായകൻ എന്നീ കുപ്പായങ്ങൾ ഒരേസമയം അണിഞ്ഞു മധുമോഹൻ ഗൃഹസദസുകളിൽ ഇരിപ്പുറപ്പിച്ചകാലം വർഷങ്ങൾ കഴിഞ്ഞിട്ടും മധുമോഹനെ മലയാളി വീട്ടമ്മമാർ മറന്നിട്ടില്ല. 'നമ്മുടെമധുമോഹൻ" എന്നു വിശേഷിപ്പിക്കുന്നു. 'സീരിയൽ മമ്മൂട്ടി", 'സീരിയൽ ഭീഷ്മർ", 'ചെന്നൈയിലെ സീരിയൽ ഫാക്ടറി" എന്നിങ്ങനെയും വശേഷണങ്ങളുണ്ട്. മുപ്പത്തിയഞ്ച് വർഷം മുൻപ് വന്ന 'മാനസി" സീരിയലിലെ സുദർശൻ എന്ന നായകന്റെ പതിവുപുഞ്ചിരി മധുമോഹന്റെ മുഖത്ത് മായാതെ കിടപ്പുണ്ട്. അൻപതിലധികം സീരിയലുകൾ സംവിധാനം ചെയ്തു. പുരട്ചി തലൈവർ എം. ജി ആറിന്റെ ചെന്നൈ രാമപുരത്തെ എം.ജി.ആർ ഗാർഡൻസ് എന്ന വീട്ടിൽ ജീവിതത്തിലെ കുടുംബനായകന്റെ വേഷത്തിലാണ് മധുമോഹൻ. ഭാര്യ ഗീത എം.ജി. ആറിന്റെ വളർത്തുമകളാണ്. മാത്രമല്ല എം.ജി.ആർ മധുമോഹന്റെ ബന്ധുകൂടിയാണ്. എം.ജി.ആറിന്റെ മറ്റൊരു വളർത്തു മകൾ രാധയെ വിവാഹം കഴിച്ചത് മധുമോഹന്റെ അമ്മാവൻ ഗോപാലകൃഷ്ണൻ. 2800 എപ്പിസോഡുകളിലാണ് മധുമോഹന്റെ സീരിയൽ ജീവിതം. നാലുപതിറ്റാണ്ട് പിന്നിട്ട് അഭിനയ യാത്ര തുടരുന്നു.
മധുമോഹൻ എവിടെയെന്ന് ആരാധികമാരായ മലയാളി വീട്ടമ്മമാർ ചോദിക്കുന്നു?
അവരോട് എന്നും സ്നേഹവും ബഹുമാനവുമാണ്. ചാനൽ തീരുമാനിക്കുന്ന നിയന്ത്രണങ്ങളിൽനിന്നു കൊണ്ട് എനിക്ക് സീരിയൽ ചെയ്യാൻ കഴിയില്ല. അതിനാലാണ് മലയാളം സീരിയൽ ചെയ്യാത്തത്. എനിക്ക് സ്വാതന്ത്ര്യം വേണം. മലയാളം സീരിയൽ നിർമാണം നിറുത്തിയശേഷം ഐ.ടി കമ്പനി ആരംഭിച്ചു. എന്നാൽ തമിഴിൽ വിജയ് ടിവിയിൽ നാം ഇരുവർ നമുക്ക് ഇരുവർ, സീതമിഴിൽ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്നീ സീരിയലിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴും എന്റെ രൂപത്തിന് മാറ്റമില്ലെന്ന് പറയുന്നവരുണ്ട്. എന്നാൽ എന്റെ ആരോഗ്യത്തിന് സൗന്ദര്യമുണ്ടെന്ന് വിശ്വസിക്കുന്നു. ഏറെ ശുഷ്കാന്തിയോടെ സംരക്ഷിക്കുന്നു. ദിവസവും രണ്ടരമണിക്കൂർ നടത്തമുണ്ട്. ലോക്ക്ഡൗൺ കാലത്തും ഉപേക്ഷിക്കാത്ത ശീലം.
മെഗാസീരിയൽ എന്ന ആശയം വരുംമുൻപേ മെഗാസീരിയൽ സംവിധാനം ചെയ്തല്ലേ?
മാനസി സീരിയലിലൂടെയാണ് അതു സംഭവിച്ചത്. പതിമൂന്ന് എപ്പസോഡ് മാത്രം ഉള്ളതായിരുന്നു സീരിയലുകൾ. എക് സ്റ്റൻഷൻ കിട്ടിയാൽ മാത്രമേ കൂടുതൽ എപ്പിസോഡ് ലഭിക്കൂ. ആർക്കും വേണ്ടാതിരുന്ന അഞ്ചരമണിയുടെ സ്ളോട്ട്  മാനസി  സീരിയലിലൂടെ ഞാൻ സൂപ്പർ ഹിറ്റാക്കി മാറ്റി. അതോടെ തുടർച്ചയായി വീണ്ടും എക്സ്റ്റൻഷൻ ലഭിക്കുകയും നാലരവർഷം ആ മെഗാ സീരിയൽ തുടരുകയും ചെയ്തു. ആർക്കും വേണ്ടാത്ത ഉച്ചയ്ക്ക് രണ്ടര മണി സ്ളോട്ടിൽ  സ് നേഹസീമ സീരിയൽ.അതും സൂപ്പർ ഹിറ്റ്. അപ്പോൾ അടുത്ത സ്ലോട്ടിൽ മറ്റു നിർമാതാക്കൾ വന്നു ഇടം പിടിച്ചു.തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ദിവസങ്ങളിൽ പല ബാനറുകളിൽ ഞാൻ സീരിയൽ ചെയ്തു. എല്ലാ സീരിയലും ഞാൻ തന്നെ നായക ൻ. അതു പ്രേക്ഷകരെ ബോറടിപ്പിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നതിനാലാണ് സീരിയലുകൾ ചെയ്യാൻ സാധിച്ചത്. അനുമതി ലഭിക്കാൻ ആവശ്യമായ സമയം അറിയാമായിരുന്നു. അതിനുശേഷം മറ്റു സീരിയലിനും സമയം ലഭിക്കണം. ഇതായിരുന്നു എന്നെ മറ്റു നിർമാതാക്കളിൽനിന്ന് വ്യത്യസ്തനാക്കിയത്. നൂറിലധികം തിരക്കഥകൾ പല ബാനറുകളിൽ കൊടുത്തു അനുമതി നേടി. എല്ലാം അഞ്ചു വർഷം നീണ്ട ആസൂത്രണത്തിന്റെ ഫലം.എന്നാൽ കഥയലോ താരങ്ങളിലോ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല.ഇപ്പോൾ ചാനലിൽനിന്നു ലഭിക്കുന്ന ബഡ്ജറ്റിനുള്ളിൽ സീരിയൽ പൂർത്തിയാക്കുകയാണ് മിക്കവരും ചെയ്യുന്നത്.

സിനിമാതാരങ്ങൾ അഭിനയിക്കുന്ന സീരിയൽ എന്ന പ്രത്യേകത ഉണ്ടായിരുന്നല്ലേ?
ആദ്യം മുതൽ തന്നെ എന്റെ സീരിയലിൽ അധികവും സീനിയറായ സിനിമാതാരങ്ങളാണ് അഭിനയിച്ചത്. കുടുംബ വിശേഷങ്ങൾ സീരിയലിലാണ് കൂടുതൽ താരങ്ങൾ അഭിനയിച്ചത്. മാമുക്കോയ, എം. എസ് . തൃപ്പൂണിത്തുറ, കോഴക്കോട് നാരായണൻ നായർ, സുകുമാരി, ഫിലോമിന തുടങ്ങി വലിയ നിര. ആദ്യ സീരിയലായ  വൈശാഖ സന്ധ്യയിൽ അടൂർ ഭാസി, മുത്തയ്യ, പ്രമീള, ശാരി, സബിത ആനന്ദ് എന്നിവർ അഭിനയിച്ചു. ഞാൻ നിർമിച്ച് പി. എൻ മേനോൻ സാർ സംവിധാനം ചെയ്ത  'ഇതളുകൾ" സീരിയലിൽ ശ്രീനിവാസൻ അഭിനയിച്ചു.ആ സീരിയലിന് രണ്ടു സംസ്ഥാന അവാർഡ് ലഭിച്ചു.
പാലക്കാടുകാരനായ ഡോ. വി.ആർ. നായരുടെ മകൻ എങ്ങനെ കലാകാരനായി?
സ്കൂൾ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചു. വിക്ടോറിയ കോളേജിലാണ് പ്രീഡിഗ്രി പഠനം. ബിരുദ പഠനം ഡൽഹി സർവകലാശാലയിൽ. അവിടെ മലയാളി സമാജത്തിന്റെ വാർഷികാഘോഷത്തിന് നാടകം അവതരിപ്പിച്ചു. അശോക് ലെയ്ലാൻഡ് കമ്പനിയിൽ ജോലി ലഭിച്ചാണ് ചെന്നൈയിൽ എത്തുന്നത്. ജോലിയിൽ തുടർന്നു കൊണ്ട് സിനിമയിൽ വരാൻ ശ്രമം നടത്തി. ഒടുവിൽ ജോലി രാജിവച്ച് ഓഫ്സെറ്റ് പ്രിന്റിംഗ് ബിസിനസ് ആരംഭിച്ചു. ഇതോടൊപ്പം ജയ സ്റ്റേജ് ക്രിയേഷൻസ് എന്ന പേരിൽ നാടക സമിതി ആരംഭിച്ചു. ഇതു വിജയിച്ചതോടെ തമിഴ് സീരിയൽ ചെയ്തു. സിനിമ തന്നെയായിരുന്നു ലക്ഷ്യം. തുടർന്ന് തമിഴ് സിനിമയിൽ അഭിനയിച്ചു തുടങ്ങി. വിജയകാന്തിന്റെ 'വേലുണ്ട് വിനയല്ലേ"സിനിമയിൽ പ്രതിനായകനായി അഭിനയിച്ചു. ആ സിനിമയിൽ എന്റെ ഒരുപാട് സീനുകൾ ഒഴിവാക്കി. സംവിധായകൻ കെ.ശങ്കറിനോട് അന്വേഷിച്ചപ്പോൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്റെ സീൻ ഒഴിവാക്കില്ലെന്നും കുറവ് വേതനം കൈപ്പറ്റുന്നവരുടെ നീക്കം ചെയ്യുമെന്നും പറഞ്ഞു. ആ സമയത്ത് മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്. അന്ന് ഞാൻ തീരുമാനിച്ചു, എവിടെ ഞാനുണ്ടോ, അവിടെ എനിക്ക് പ്രാധാന്യം ലഭിക്കണം. അവിടെയാണ് ഞാൻ നിൽക്കേണ്ടത്. അന്നു സിനിമ ഉപേക്ഷിച്ച് സീരിയൽ രംഗത്ത് എത്തി. സീരിയൽ രംഗത്ത് ആരും പ്രവേശിക്കാത്ത സ്ഥാനത്ത് എത്താൻ സാധിക്കുകയും ചെയ്തു. പ്രശസ്തമായ സാഹിത്യ കൃതികളെ ആസ്പദമാക്കി ഏറ്റവും കൂടുതൽ സീരിയൽ ചെയ്തു. ആ റെക്കോർഡ് ആർക്കും ഭേദിക്കാൻ കഴിയില്ല. പ്രശസ്തരായ താരങ്ങൾ ഞാൻ നിർമ്മിച്ച എം.ടി കഥകളുടെ ഭാഗമായി.അതിൽ അഭിമാനമുണ്ട്.
കുടുംബാന്തരീക്ഷം നിറഞ്ഞതായിരുന്നു മധുമോഹന്റെ സീരിയൽ ലൊക്കേഷനെന്ന് കേട്ടിട്ടുണ്ട്?
തീർച്ചയായും.എല്ലാ താരങ്ങളും കുടുംബാംഗങ്ങളായിരുന്നു. സ്റ്റുഡിയോ, ഔട്ട് ഡോർ യൂണിറ്റ്, എഡിറ്റിംഗ് യൂണിറ്റ്, ഷൂട്ടിംഗ് ഗാർഡൻ, ബംഗ്ലാവ് എല്ലാം എന്റെ തന്നെ. എന്റെ കാറുകളാണ് സീരിയലിൽ ഉപയോഗിച്ചത്. ലൊക്കേഷനിലെ മെസിന്റെ സൂപ്പർ വൈസർ ജോലിയും നിർവഹിച്ചു.ദിവസവും ഫ്ളൈറ്റിൽ കാസറ്റുകൾ ചെന്നൈയിൽ നിന്ന് ടെലികാസ്റ്റിനുവേണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. അന്ന് എന്റെ സീരിയലുകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മുഴുവൻ നടത്തിയത് ഭാര്യ ഗീത എം. മോഹൻ ആണ്. പെരിങ്ങളം എം.ജി ആർ സ്കൂൾ പ്രിൻസിപ്പലാണ്. കുഴൽമന്ദമാണ് ഗീതയുടെ അമ്മയുടെ നാട്. ഞാൻ എം.ജി ആർ എഡ്യുക്കേഷണൽ ട്രസ്റ്റ് കറസ് പോണ്ടന്റാണ്. മകൻ ആനന്ദ് കുടുംബസമേതം ആസ്ട്രേലിയയിൽ. മരുമകൾ സുധ. ഭാവനയും സഞ്ജനയും പേരക്കുട്ടികൾ.
ഇപ്പോഴത്തെ മലയാളം സീരിയൽ കാണാറുണ്ടോ?
കാണാറുണ്ടെങ്കിലും സംതൃപ്തി നൽകുന്നില്ല. കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയൽ. യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം. എന്നാൽ മറ്റു ഭാഷയിലെ സീരിയൽ ഇത്തരം പോരായ്മ നേരിടുന്നില്ല. അവിഹിത ബന്ധത്തിന്റെ കഥാതന്തു എന്റെ ഒരു സീരിയലിനും പ്രമേയമായില്ല. ഇന്ന് എല്ലാ സീരിയലിനും ഇതാണ് പ്രമേയം. അന്ന് ദൂരദർശന്റെ നിയന്ത്രണം പാലിച്ച് സീരിയൽ ഒരുക്കാൻ സാധിച്ചു. വീണ്ടും വന്നാൽ എന്റെ ആശയം അതേപടി പകർത്താൻ കഴിയുമെന്ന് ഉറപ്പില്ല. കാരണം ഇന്ന് അതു തീരുമാനിക്കുന്നത് ചാനലുകളാണ്.
എപ്പോഴാണ് മലയാളത്തിലേക്ക് വരിക?
കഥയുടെ ചില ആശയം ലഭിച്ചിട്ടുണ്ട്. അതു കൃത്യമായി എത്തിയാൽ മലയാള സീരിയൽ രംഗത്തേക്ക് ഞാനും എന്റെ ജെ. ആർ പ്രൊഡക്ഷൻസും വീണ്ടും വരും. ചെന്നൈയിൽനിന്നു കൊണ്ടുതന്നെ പഴയപോലെ പ്രവർത്തിക്കാൻ കഴിയും. എന്നെ അംഗീകരിക്കുന്ന, സ്വീകരിക്കുന്ന ചാനലിനൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹം. എന്റെ പ്രേക്ഷകരെ സ്വീകാര്യത നഷ്ടപ്പെട്ടിട്ടില്ല.