
ചെന്നൈ: തമിഴ് സീരിയൽ നടി വിജെ ചിത്ര ജീവനൊടുക്കി. 28 വയസായിരുന്നു. ഹോട്ടൽമുറിയിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചിത്രയ്‌ക്കൊപ്പം ഹോട്ടലിൽ ഭാവിവരനായ ഹേമന്ദുമുണ്ടായിരുന്നു.
പുലർച്ചെ 2.30 ഓടെയാണ് ഇവിപി ഫിലിം സിറ്റിയിൽ നിന്നും ഷൂട്ട് കഴിഞ്ഞ് നടി ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയത്. കുളിക്കാൻ പോകുകയാണെന്നും പറഞ്ഞ് പോയ ചിത്രയെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറഞ്ഞു.ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പായിരുന്നു ചിത്രയുടെയും ഹേമന്ദിന്റെയും വിവാഹ നിശ്ചയം നടന്നത്.
അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് കാരണം ഡിപ്രഷനാണെന്നാണ് സൂചന. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര പ്രേക്ഷകർക്ക് സുപരിചിതയായത്. സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും അവതാരകയായി നടി എത്തിയിട്ടുണ്ട്.