farmers

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ ഇന്ന് നടത്താനിരുന്ന ചർച്ച ഉപേക്ഷിച്ചു.മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്നാണ് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ ആവശ്യം എന്നാൽ ഇതിന് സാദ്ധ്യമല്ലെന്നും കർഷകർക്ക് ആശങ്കയുള‌ള ഭാഗങ്ങളിൽ ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര നിലപാട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ കർഷക സംഘടനാ നേതാക്കൾ നടത്തിയ ചർച്ച ഇരുവിഭാഗവും ഇതേ നിലപാട് ആവർത്തിച്ചതോടെ തീരുമാനമാകാതെ പിരിഞ്ഞു. തുടർന്നാണ് ഇന്ന് നടക്കേണ്ട ചർച്ചയിൽ നിന്ന് പിന്മാറിയതായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേശ് ടിക്കായി അറിയിച്ചത്. സർക്കാർ വരുത്താനുദ്ദേശിക്കുന്ന മാ‌റ്റങ്ങൾ കർഷകർ ചർച്ച ചെയ്‌ത ശേഷമേ ഇനി ചർച്ചയ്‌ക്കുള‌ളൂ എന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു. നിയമത്തിൽ വെറും ഭേദഗതികളല്ല വേണ്ടതെന്നും വിവാദ കർഷകനിയമത്തെ അസാധുവാക്കിയെന്ന് കേന്ദ്രസർക്കാർ നേരിട്ട് എഴുതി തന്നെ അറിയിക്കണമെന്നുമാണ് കർഷക നേതാവ് ഹനൻ മുള‌ളയുടെ പ്രതികരണം.

കരടിൽ ചർച്ച വേണമോ എന്നത് തീരുമാനിക്കാനുള‌ള കർഷക നേതാക്കളുടെ യോഗം ചേരുകയാണ്. ഈ യോഗത്തിന്റെ തീരുമാനം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അറിയാമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഇന്നലെ കേന്ദ്രമന്ത്രി അമിത് ഷായുമായി നടന്ന യോഗത്തിലും കർഷകർ തങ്ങളുടെ വരുമാനം പുതിയ നിയമപ്രകാരം കുറയുമെന്നും കോർപറേ‌റ്റുകൾക്ക് ലാഭമുണ്ടാകുമെന്നും അറിയിച്ചിരുന്നു. കർഷകർക്ക് ഭൂമി അവകാശം സംബന്ധിച്ചും, താങ്ങുവിലയുമായി ബന്ധപ്പെട്ടും മ‌റ്റ് രണ്ട് വിഷയങ്ങളിലുമാണ് അനുകൂല തീരുമാനമെടുക്കാമെന്ന് യോഗത്തിൽ അമിത് ഷാ അറിയിച്ചത്. എന്നാൽ നിയമം പിൻവലിക്കുന്നതിനെ കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ലെന്നും നിയമം മൂലമുണ്ടാകുന്ന പ്രയോജനം വിശദീകരിക്കുക മാത്രമാണ് അമിത് ഷാ ചെയ്‌തതെന്നും യോഗത്തിൽ പങ്കെടുത്ത കർഷക നേതാക്കൾ പറഞ്ഞു. മൂന്ന് നിയമവും പിൻവലിക്കുക തന്നെ വേണമെന്നാണ് പക്ഷെ യോഗത്തിൽ കർഷകർ മുന്നോട്ട് വച്ച ആവശ്യം. പുതിയ നിയമപ്രകാരം സർക്കാർ നിയന്ത്രിത ചന്തകളുടെ അധികാരം നഷ്‌ടമാകുമെന്നും നിലവിൽ ചന്തകളിലെ സൗജന്യമായി വിൽപന നടത്താവുന്ന സംവിധാനം തകരുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് പ്രധാനമായും ഡൽഹിയിൽ സമരം നടത്തുന്ന കർഷകരിൽ ഏറെയും. നവംബർ 26ന് 'ദില്ലി ചലോ' പ്രക്ഷോഭമായി ആരംഭിച്ച സമരം ഇപ്പോഴും ശക്തമായി തുടരുകയാണ്.