suv

ബീജിംഗ് : സ്വന്തമായി ഒന്നും നിർമ്മിക്കാൻ അറിയില്ലെങ്കിലും അയൽക്കാരന്റേത് കണ്ട് ഇഷ്ടമായാൽ അത് അടിച്ചുമാറ്റി സ്വന്തമാക്കാൻ ചൈനയെ പോലെ മറ്റാർക്കും ആവില്ല. വാഹനങ്ങളിൽ തുടങ്ങി യുദ്ധവിമാനങ്ങളിൽ വരെ ഡിസൈൻ അടിച്ചുമാറ്റുക എന്ന ശീലം പണ്ടു മുതൽക്കേ ചൈനയുടെ സ്വഭാവമാണ്. ഫോക്സ് വാഗൺ പാസാറ്റ്, മിനി കൂപ്പർ, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട് തുടങ്ങി പാശ്ചാത്യരായ പല വാഹനങ്ങളുടെയും അപര സൃഷ്ടികൾ കൊണ്ട് സമ്പന്നമാണ് ചൈനീസ് വാഹനവിപണി. അവിടെയുള്ള നിയമ വ്യവസ്ഥയിൽ ഇതൊന്നും ചോദ്യം ചെയ്യാനാവാത്തതും അടിച്ചുമാറ്റുന്നവർക്ക് പ്രോത്സാഹനമാകും.

അടുത്തിടെ ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ രണ്ട് മോഡലുകളിലാണ് ചൈനീസ് വാഹന നിർമ്മാതാക്കളുടെ കണ്ണ് പതിഞ്ഞിരിക്കുന്നത്. താറും, ബൊലേറോയും ചേർത്ത് വച്ചപോലെയൊരു ഡിസൈനിലാണ് ചൈനീസ് വാഹനം പുറത്ത് ഇറങ്ങിയിരിക്കുന്നത്. ബയിക് ബി ജെ 40 എന്ന ഓഫ് റോഡ് വാഹനമാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാക്കളായ ബീജിംഗ് ഓട്ടോമോട്ടീവ് ഗ്രൂപ്പ് ലിമിറ്റഡ് ആണ് ഈ നിർമ്മിതിക്ക് പിന്നിൽ. സർക്കാർ സംരക്ഷണയിലുള്ള കമ്പനി തന്നെ ഇത്തരം അടിച്ചുമാറ്റൽ ചെയ്യുമ്പോൾ ചോദ്യം ചെയ്യാൻ പോകുന്നതിലൊന്നും വലിയ അർത്ഥമുണ്ടാകാൻ വഴിയില്ല എന്നതാണ് സത്യം. വാഹനത്തിന്റെ മുൻ വശത്തും, വാതിലിലും, ഹെഡ് ലാമ്പിലുമെല്ലാം ഒരു മഹേന്ദ്ര ടച്ച് ആർക്കും ദർശിക്കാനാവും. മുൻവശത്തെ ഗ്രിൽ കണ്ടാൽ ബൊലേറോയാണോ എന്ന് സംശയം തോന്നിയാൽ കുറ്റം പറയാനാവില്ല.

ഈ എസ് യു വിയുടെ പെട്രോൾ പതിപ്പ് വിൽക്കാൻ ചൈന തിരഞ്ഞെടുത്തിരിക്കുന്നത് ഉറ്റ സുഹൃത്തായ പാകിസ്ഥാനെയാണ്. മുൻപ് ജാഗ്വാർ ലാൻഡ് റോവർ കമ്പനി ചൈനീസ് അടിച്ചുമാറ്റലിനെതിരെ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാൽ അതിനു ശേഷവും ചൈനീസ് ആഭ്യന്തര വിപണിയിൽ വാഹനത്തിന്റെ വിൽപ്പന തകൃതിയായി നടന്നു. വൻ വിലക്കുറവാണ് ഇത്തരം വാഹനങ്ങളെ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. മഹീന്ദ്രയേയും ചൈന കണ്ണുവച്ചപ്പോൾ നല്ലതായതിനാൽ അല്ലേ അടിച്ചുമാറ്റാൻ തോന്നിയത് എന്ന് കരുതി ആശ്വസിക്കാം.