car

രാഷ്ട്രീയചർച്ചകളെ വഴിതിരിച്ചുവിടുക എന്നതിലപ്പുറം വിമർശനാത്മകവും നർമ്മം കലർന്നതുമായ ആശയങ്ങൾ സൈബർ ഇടത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ കാർട്ടൂണുകളേക്കാൾ സ്വീകാര്യത നവമാധ്യമങ്ങളിലെ ട്രോളുകൾക്ക് ലഭിക്കുന്നതായി നാം കണ്ടല്ലോ.ട്രോൾ എന്ന പദത്തിൽ നിന്നും വളരെ വ്യത്യസ്തമായ അർത്ഥമുള്ള ഇന്റർനെറ്റ് മീമുകളാണ് (Meme) ഇന്ന് നവമാദ്ധ്യമങ്ങളിൽ ട്രോൾ എന്ന പേരിൽ വൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. വെറും തമാശകൾ പങ്കുവയ്‌ക്കുക എന്ന ലക്ഷ്യത്തോടെ നവമാദ്ധ്യമങ്ങളിൽ ആരംഭിച്ച പല കൂട്ടായ്‌മകളും വളർന്ന് ഇന്റർനെറ്റ് മീമുകളിലൂടെ കേരളത്തിന്റെ സമകാലിക സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ ചർച്ചകൾ ഉണർത്തുകയും കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യത്തിലൂടെ രാഷ്ട്രീയ കാർട്ടൂണുകളേക്കാൾ ജനപ്രിയമാകുകയും ചെയ്തു.

ഇന്റർനെറ്റ് എന്ന പൊതു ഇടത്തിലൂടെ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് സഞ്ചരിക്കുകയും ആ സഞ്ചാരത്തിനിടയിൽ രൂപത്തിലും ഭാവത്തിലും പലവിധ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്ന ആശയത്തിനോ,വാക്യത്തിനോ, ചിത്രത്തിനോ, പ്രവർത്തിക്കോ ആണ് മീം എന്നു പറയുന്നത്. ഇന്റർനെറ്റ് എന്ന മാദ്ധ്യമത്തിലൂടെയുള്ള യാത്രയ്‌ക്കിടയിൽ പലവിധ പരിണാമങ്ങൾക്ക് വിധേയമാകുകയും പലവിധ സങ്കേതങ്ങളുമായി ഇടകലരുകയും ചെയ്യുന്നതിനാൽ മീമുകളെ പോസ്റ്റ് മോഡേൺ ആർട്ട് എന്ന ഗണത്തിൽ പെടുത്തുന്നവരും ഉണ്ട്.

അജ്ഞാതത്വമാണ് ഇന്റർനെറ്റിന്റെ ഒരു സാധ്യത. ഇന്റർനെറ്റിലെ അജ്ഞാതത്വം എന്ന സങ്കല്പം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.ഭൗതികമായ വ്യക്തിത്വം ഉപേക്ഷിച്ച് ഒരാൾ സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയചർച്ചയിലേക്ക് കടന്നുവരുന്ന സന്ദർഭം ഓർക്കുക. ഒരു സമൂഹമാദ്ധ്യമത്തിലോ വെബ്‌സൈറ്റിലോ തനിക്ക് താത്പര്യമുള്ള രാഷ്ട്രീയചർച്ച കാണുന്ന വ്യക്തി തനിക്ക് ഇഷ്ടമുള്ള ഒരു യൂസർ നെയിം (ഇത് യഥാർത്ഥമോ വ്യാജമോ ആകാം) തിരഞ്ഞെടുത്ത് ആ ചർച്ചയിൽ തന്റെ ആദ്യ പ്രതികരണം രേഖപ്പെടുത്തുന്നു. രൂപം, ജാതി, മതം, വർണം, ലിംഗം, പ്രായം, തൊഴിൽ, ദേശം, സമൂഹത്തിലെ സ്ഥാനം തുടങ്ങിയ വിവരങ്ങൾ മറച്ചുവച്ച്, മറ്റുള്ളവർക്ക് തന്റെ വ്യക്തിത്വം ഒരുകാരണവശാലും മനസ്സിലാക്കാൻ സാധിക്കാത്ത വിധം ചർച്ചയിൽ ഇടപെടുന്നതുമൂലം മറ്റുള്ളവർക്ക് പ്രസ്‌തുത വ്യക്തിയെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നത് ഈ കമന്റിലൂടെ മാത്രമാകുന്നു.അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഈ രാഷ്ട്രീയചർച്ചയിൽ ഇടപെടുന്നതിന് ആ വ്യക്തിയ്‌ക്കുള്ള യോഗ്യത നിർണയിക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ ആർക്കും സാധിക്കാതെ വരുന്നു.

ഇതിനുവിരുദ്ധമായി ഭൗതികമായ പൊതു ഇടത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ഇതേ വ്യക്തി തന്റെ അഭിപ്രായം പറയാൻ തുടങ്ങുന്നതിനുമുമ്പുതന്നെ മേൽപ്പറഞ്ഞ ഘടകങ്ങളിലേതെങ്കിലും പ്രകടമാകുന്നതുമൂലം ആ വ്യക്തിയുടെ അഭിപ്രായത്തിനുമേൽ മറ്റുള്ളവർക്ക് മുൻവിധിയുണ്ടാകാൻ ഇടയുണ്ട്.സ്വതന്ത്രമായ അഭിപ്രായങ്ങൾക്കു മേൽ മുൻവിധികൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു എന്നത് സൈബർ ഇടത്തിലെ അജ്ഞാതത്വം നൽകുന്ന വലിയൊരു സുരക്ഷയും സാധ്യതയുമാണ്. പലവിധ ആശങ്കകൾ മൂലം ഭൗതികമായ പൊതുഇടത്തിൽ ഒളിച്ചുവയ്‌ക്കുന്നതോ പറയാൻ മടിക്കുന്നതോ ആയ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിനും ജനകീയമല്ലാത്ത നിലപാടുകൾ, എതിർപ്പുകൾ എന്നിവ രേഖപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അനന്തസാധ്യതകൾ നവമാദ്ധ്യമങ്ങൾ തുറന്നിടുന്നു.

car1

ഇത്തരത്തിൽ അജ്ഞാതനാമത്തിലൂടെ നവമാദ്ധ്യമങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്ന വ്യക്തിയ്‌ക്ക് സൈബർ ഇടത്തിൽ ആ അജ്ഞാതനാമത്തിലൂടെ ഉടലെടുക്കുന്ന ഇതരവ്യക്തിത്വം കൂടി ലഭിക്കുന്നു.ചിലപ്പോൾ ഭൗതികമായ ഇടത്തിലെ അദ്ദേഹത്തിന്റെ യഥാർത്ഥവ്യക്തിത്വവുമായി ഒരു ബന്ധവും ഇല്ലാത്തതാവും സൈബർ ഇടത്തിലെ അദ്ദേഹത്തിന്റെ ഈ ഇതരവ്യക്തിത്വം. നവമാധ്യമങ്ങളിലൂടെ അജ്ഞാതനാമത്തിൽ നടത്തുന്ന ഇടപെടലുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഈ ഇതരവ്യക്തിത്വം കാലക്രമേണ വളരുകയും പ്രചാരം നേടുകയും ചെയ്യുന്നു. ഇന്റർനെറ്റിലെ അജ്ഞാതത്വ (anonymity )ത്തെക്കുറിച്ച് 1993 ജൂലൈ 5ന് ന്യൂയോർക്കർ മാസികയിൽ പീറ്റർ സ്റ്റീനർ വരച്ച പ്രശസ്തമായ കാർട്ടൂൺ ഓർക്കുക.1993ൽ ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടതുമുതൽ ഇന്നോളം പലവിധത്തിൽ പല സന്ദർഭങ്ങളിലും ആ കാർട്ടൂണിലെ ചിത്രങ്ങളും വാക്കുകളും മാറ്റം വരുത്തി ഉപയോഗിക്കപ്പെട്ടു.ആദ്യചിത്രത്തിലെ പശ്ചാത്തലം,കഥാപാത്രങ്ങൾ,വാക്കുകൾ എന്നിവ മാത്രമല്ല,ആ കാർട്ടൂണിലൂടെ വിനിമയം ചെയ്യപ്പെട്ട ആശയത്തിന്റെ തുടർച്ചയോ പരിണാമമോ ആയിരുന്നു പിന്നീട് വന്നതെല്ലാം.ഒരുപാട് മാറ്റങ്ങൾക്കു ശേഷം തീർത്തും വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ ആദ്യ ചിത്രത്തിന്റെ ഒരു സൂചന പോലും ഇല്ലാതെ സ്വതന്ത്രമായ നിലനിൽപ്പിനും ഫലപ്രദമായ ആശയവിനിമയത്തിനും പര്യാപ്തമായ തീർത്തും പുതിയ രൂപങ്ങളിലേക്ക് സ്റ്റീനറുടെ ആശയം മാറുകയുണ്ടായി.

പീറ്റർ സ്റ്റീനറുടെ കാർട്ടൂണിലെ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ച രണ്ട് കാർട്ടൂണുകൾ.ആദ്യകാർട്ടൂണിൽ രംഗചിത്രീകരണം ഒറിജിനലിനോട് സമാനമാണെങ്കിലും കഥാപാത്രങ്ങൾക്കും ഡയലോഗിനും ചർച്ചചെയ്യുന്ന ആശയത്തിനും മാറ്റമുണ്ട്.രണ്ടാമത്തെ കാർട്ടൂൺ തികച്ചും വ്യത്യസ്തമായ ഇമേജിലൂടെ ഇന്റർനെറ്റ് സ്വകാര്യത അല്ലെങ്കിൽ അജ്ഞാതത്വം ഇന്ന് അപ്രസക്തമാണെന്ന മറ്റൊരു ആശയം ചർച്ചചെയ്യുന്നു.രണ്ട് സൃഷ്ടികളിലും ഒറിജിനൽ കാർട്ടൂണിലേയ്ക്കുള്ള അദൃശ്യമായ റഫറൻസ് ഉണ്ട്.സ്റ്റീനർ വരച്ച ആദ്യകാർട്ടൂൺ വായനക്കാരന്റെ മനസ്സിൽ നിലനിൽക്കുന്നു എന്ന ബോധത്തിൽ നിന്ന് വരച്ച കാർട്ടൂണുകളാണ് രണ്ടും.

ഇത്തരത്തിൽ ജനമനസ്സിൽ സ്ഥാനം നേടിയ ചിത്രങ്ങൾ മാത്രമല്ല,പുരാണങ്ങൾ,ഫോട്ടോഗ്രാഫുകൾ,സിനിമാ ഡയലോഗുകൾ,കഥകൾ,ദൃശ്യങ്ങൾ,പരസ്യവാചകങ്ങൾ,സിനിമാ ഗാനങ്ങൾ,പ്രശസ്തരുടെ വചനങ്ങൾ എന്നിവയെല്ലാം പരിണാമങ്ങൾക്ക് വിധേയമായി തീർത്തും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളെ ചർച്ചചെയ്യാനോ കളിയാക്കാനോ മീമുകളിൽ ഉപയോഗിക്കപ്പെടാൻ തുടങ്ങി. ജനമനസ്സിൽ ഉണ്ടായിരിക്കും എന്നുറപ്പുള്ള ഇമേജുകളുമായി നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ബന്ധപ്പെടുത്തി ദിനപ്പത്രത്തിലെ കാർട്ടൂണിസ്റ്റ് കാർട്ടൂണുകൾക്ക് ആശയം കണ്ടെത്തുന്നതിന് സമാനമായ രീതിയിലായിരുന്നു ഇത്.