
മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട സ്വത്ത് അവന്റെ ജീവനാണ്. അത് പ്രകൃതിദത്തമായ അവകാശമാണ്.
17 , 18 നൂറ്റാണ്ടുകളിലാണ് മനുഷ്യന് ജന്മനാ ചില അവകാശങ്ങൾ സിദ്ധിച്ചിട്ടുണ്ടെന്നതും അത് പ്രകൃതിദത്തുവുമാണെന്ന ആശയം പ്രചരിച്ചത്. ഇംഗ്ലണ്ടിലെ ജോൺ രാജാവിന്റെ ദുർ ഭരണത്തിന്റെ മാഗ്‌നാ കാർട്ട എന്ന
അവകാശ പത്രം 1215 ൽ തയ്യാറാക്കി . അവകാശ പ്രഖ്യാപനങ്ങളുടെ ചരിത്രത്തിൽ ആദ്യം രൂപം കൊണ്ട അവകാശ പത്രികയാണ് മാഗ്‌നാകാർട്ട. പിന്നീട് പെറ്റീഷൻ ഓഫ് റൈറ്റ്സ് (1628 )ബിൽ ഓഫ് റൈറ്റ്സ് (1689) എന്നിവയും ഉണ്ടായി. ഇവ മൂന്നും ക്രോഡികരിച്ചുകൊണ്ടാണ് എല്ലാ മനുഷ്യരും ജന്മനാ സമൻമാരാണെന്ന സന്ദേശം രൂപം കൊണ്ടത്.
മനുഷ്യാവകാശങ്ങൾക്ക് സാർവദേശീയമായ അംഗീകാരം ലഭിക്കണമെങ്കിൽ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തണമെന്ന് ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഘടനയുടെ സാമ്പത്തിക, സാമൂഹ്യ സമിതി മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ നക്കൽ തയ്യാറാക്കി.പിന്നീട് പൊതുസഭ പ്രഖ്യാപനം അംഗീകരിച്ചു. അത് പൊതുസഭ അംഗീകരിച്ചത് 1948 ഡിസംബർ 10 നാണ്. അന്നാണ് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്.
ചരിത്രപ്രധാനമായ വിളംബരത്തിൽ മുപ്പതോളം അവകാശങ്ങളെ കുറിച്ചാണ് പറയുന്നത്. ജീവനും സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനുമുള്ള അവകാശം, നിയമത്തിന്റെ മുന്നിലുള്ള തുല്യത, ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ നിന്നുള്ള മോചനം,അടിമത്തത്തിൽ നിന്നുള്ള മോചനം എന്നിവയൊക്കെ മനുഷ്യാവകാശങ്ങളുടെ ഭാഗമായി നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടനയിൽ മനുഷ്യാവകാശ പ്രഖ്യാപനങ്ങളെല്ലാം തന്നെ എഴുതി ചേർത്തിട്ടുണ്ട്.
അവകാശങ്ങളെ പോലെ തന്നെ പ്രധാനമാണ് കടമകൾ. ഓരോ വ്യക്തിക്കും സമൂഹത്തോട് ചില കടമകൾ ഉണ്ട്. ഒരു വ്യക്തി, സ്വാതന്ത്ര്യം ഒരിക്കലും ദുരൂപയോഗം ചെയ്യരുത്. മൗലികമായ മനുഷ്യാവകാശങ്ങൾക്ക് ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ രാഷ്ട്രത്തിന് അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം വിലപ്പെട്ടതാണെങ്കിലും ആരേകുറിച്ചും എന്തും പറയാൻ കഴിയില്ല. നിങ്ങൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ അത് കേൾക്കാതിരിക്കാനും സ്വാതന്ത്യമുണ്ട്.
1993 സെപ്റ്റംബർ 28നാണ് ഇന്ത്യയിൽ മനുഷ്യാവകാശ നിയമം നിലവിൽ വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ, സംസ്ഥാന കമ്മിഷനുകൾ നിലവിൽ വന്നു.
സംസ്ഥാനത്ത് ചീഫ് ജസ്റ്റിസായിരിക്കണം കമ്മിഷന്റെ അദ്ധ്യക്ഷൻ.ഏഴ് വർഷത്തിൽ കൂടുതൽ സർവീസുള്ള മുതിർന്ന ജില്ലാ ജഡ്ജിയും മനുഷ്യാവകാശ വിഷയങ്ങളിൽ പ്രാവീണ്യമുള്ള മറ്റൊരാളും കമ്മിഷനിൽ അംഗങ്ങളാകും. പുതിയ നിയമഭേദഗതി അനുസരിച്ച് ഹൈക്കോടതി ജഡ്ജിക്കോ വിരമിച്ച ഹൈക്കോടതി ജഡ്ജിക്കോ കമ്മിഷൻ അദ്ധ്യക്ഷനാവാം. കാലാവധി അഞ്ച് വർഷം എന്നത് മൂന്നാക്കി കുറച്ചു. പുതിയ ഭേദഗതി അനുസരിച്ച് അംഗങ്ങളിൽ ഒരാൾ സ്ത്രീയായിരിക്കുന്നത് അഭികാമ്യമാണെന്ന് പറയുന്നു.
കേരളത്തിലെ കമ്മിഷനാണ് രാജ്യത്തെ ഏറ്റവും മികച്ച കമ്മിഷനെന്ന് പറയേണ്ടി വരും . കാരണം കേരളത്തിൽ മനുഷ്യാവകാശ ലംഘനം ഉണ്ടായാൽ എന്തു ചെയ്യണമെന്ന് എല്ലാവർക്കും അറിയാം. കേരളത്തിലെ കമ്മിഷൻ സാധാരണകാർക്കിടയിലേക്ക് നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പരാതിക്കാർക്ക് ഒരിക്കലും കമ്മീഷനെ തേടി വരേണ്ട കാര്യമില്ല. കമ്മിഷൻ അവർക്കിടയിലേക്ക് ചെല്ലും.
മനുഷ്യാവകാശ നിയമത്തിലെ വ്യവസ്ഥ 36 ൽ ചില നിർദ്ദേശങ്ങളുണ്ട് . അത് മറ്റൊരു കമ്മിഷൻ പരിഗണിക്കുന്ന കേസുകൾ പരിഗണിക്കരുത് എന്നതാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളും പരിഗണിക്കാൻ പാടില്ല.
മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കുക എന്നതാണ് കമ്മീഷന്റെ പ്രധാന കർത്തവ്യം. മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതി പലപ്പോഴും ഭരണകൂടമായിരിക്കും. അന്വേഷണത്തിൽ ഒരു സിവിൽ കോടതിയുടെ അധികാരം കമ്മിഷനുണ്ട്. രേഖകൾ പിടിച്ചെടുക്കാൻ കമ്മിഷന് അധികാരമുണ്ട് . കമ്മിഷന്റെ ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നത് കുറ്റകരമാണ്. കമ്മീഷന് ഏത് ഉദ്യോഗസ്ഥനെയും വിളിച്ച് വരുത്താം. ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നവർക്കെതിരെ നടപടിയെടുക്കാം. വേണമെങ്കിൽ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിച്ച് ഇക്കാര്യത്തിൽ കമ്മിഷന് ഉത്തരവ് വാങ്ങാം. കമ്മീഷനിൽ പരാതി നൽകാൻ ഫീസിന്റെ ആവശ്യമില്ല. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കാറുണ്ട്.
കസ്റ്റഡി മരണമാണ് ഇന്ന് നാം കാണുന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. ഇത്തരത്തിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. കസ്റ്റഡി മരണംഒരിക്കലും അനുവദിക്കാൻ പാടില്ല. അവകാശ ലംഘനം സംഭവിച്ചാൽ അധികൃതർ നഷ്ടപരിഹാരം നൽകണം. ശിക്ഷിക്കപ്പെട്ടവർക്കും തടവുകാർക്ക് ന്യായമായ അവകാശങ്ങൾക്ക് അർഹതയുണ്ട്.
അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തിൽ മാത്രമേ ഒരാളെ അറസ്റ്റ് ചെയ്യാവു. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്തു എന്നതു കൊണ്ടുമാത്രം ഒരാളുടെ അവകാശങ്ങൾ നഷ്ടപ്പെടുന്നില്ല. പ്രതികളെ കൈയാമം വയ്ക്കുന്നത് തെറ്റാണ്. ഇത് മനുഷ്യത്വരഹിതമാണ്. എന്നാൽ ചിലരുടെ കാര്യത്തിൽ ഇത് ചെയ്യേണ്ടിവരും. ഒരു വ്യക്തിക്ക് യഥാസമയം ചികിത്സ നൽകാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.
മനുഷ്യാവകാശ കോടതികൾ നിയമത്തിൽ എടുത്തു പറഞ്ഞിട്ടുള്ള കാര്യമാണ്. സർക്കാർ ഇതിനുള്ള ഉത്തരവ് ഇറക്കി. എന്നാൽ നാളിതു ഇത്തരം കേസുകൾ കോടതിയിൽ വന്നതായി കേട്ടിട്ടില്ല. സർക്കാർ ഇക്കാര്യം ഗൗരവമായി പരിശോധിക്കേണ്ടതാണ്.
അസ്വാതന്ത്ര്യത്തിന്റെ തടവറയിൽ നിന്നും നമ്മെ സ്വാതന്ത്ര്യത്തിന്റെ പുലരിലേക്ക് നയിച്ചതാണ് മനുഷ്യാവകാശം. അതിനെ കാത്തു സൂക്ഷിക്കാനുള്ള കടമ നമുക്ക് ഓരോരുത്തർക്കുമുണ്ട്.
( സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗമാണ് ലേഖകൻ )