
കുഞ്ഞുനാളിൽ  തുടങ്ങിയതാണ് കൃഷിയുമായുള്ള ബന്ധം. ജനിച്ചുവളർന്ന തറവാട് വീട്ടിൽ എന്നും കൃഷിയിറക്കലും കാർഷികവിളവെടുപ്പുമാണ്. മണ്ണും തൂമ്പയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നവർ. ആലക്കോട് പുതുക്കി പണിത തറവാട് വീട്ടിലെ താമസത്തിനിടയിലും കൃഷിയെ കൈവിട്ടില്ല. മൊത്തം അഞ്ചേക്കറിൽ രണ്ടേക്കറാണ്  നെൽകൃഷിയിലെ വിളവ്. ഒരു വർഷം 5000 തേങ്ങ, അഞ്ച് ക്വിന്റൽ അടക്ക, ഏതാണ്ട് അത്രയും തന്നെ കുരുമുളകും കിട്ടും. നല്ല അളവിൽ പച്ചക്കറിയും സ്വന്തമായുണ്ടാക്കും. അത് വിൽക്കില്ല. ഒരു പങ്ക് വീട്ടിലെ തൊഴിലാളികൾക്ക് നൽകും. പിന്നെയും ബാക്കി വരുന്നത് അയൽവീടുകളിലേക്ക് നൽകുന്നതാണ് പതിവ്. മണ്ണും മഴയുമറിഞ്ഞാണ് കൃഷിയിറക്കുക. ഇക്കുറി മഴ കുറച്ച് വൈകിയത് അൽപ്പം പ്രയാസമുണ്ടായി. കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ പച്ചക്കറി കൃഷി നടത്തും. 
വിളവെടുപ്പ്  ഉത്സവം പോലെ ആഘോഷമാണ്. ഓലമേഞ്ഞ വീടിന്റെ മുന്നിലെ പറയിൽ ചിരങ്ങ, കുമ്പളം, വെള്ളരി എന്നിവ നിരയായി തൂക്കിയിടുന്ന പതിവ് മുമ്പുണ്ടായിരുന്നു. ഓല  ആയതിനാൽ വീടിനകമാകെ നല്ല തണുപ്പാണ്.  കൃഷിയും രാഷ്ട്രീയവും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ കുറച്ച് പ്രയാസമുണ്ടെങ്കിലും  കൃഷി  ഉപേക്ഷിക്കാനാകില്ല. അത്രയേറെ പ്രാണനാണ്. കൃഷിയുണ്ടെങ്കിൽ ഒരു വർഷത്തെ ജീവിതം കുശാൽ ആകും. ഭക്ഷണത്തെ  കുറിച്ച്  പിന്നെ ചിന്തിക്കേണ്ടി വരില്ല. രാവിലെ കുളിച്ചു കുറിയും തൊട്ട് ഇസ്തിരിയിട്ട ചുളിയാത്ത ഷർട്ടുമണിഞ്ഞു പാർട്ടി  ഓഫീസിൽ പോയിരുന്ന് വർത്തമാനം പറയുക എന്നതാണ് രാഷ്ട്രീയ പ്രവർത്തനമെന്നാണ്  ധരിച്ചുവച്ചതെങ്കിൽ അതല്ല. സ്വന്തമായി  അദ്ധ്വാനിച്ചു സമ്പാദ്യമുണ്ടാക്കി കുടുംബം പോറ്റണം. നാട്ടുകാരെ കൊണ്ട് നല്ലത് പറയിക്കണം. കള്ളുകുടിച്ചു ചങ്ങാത്തം കൂടി നടക്കുന്നതിന് പകരം കുടുംബത്തിൽ നല്ലവനാകണം. സമ്പാദ്യത്തിൽ മിച്ചം വയ്ക്കുന്നതിൽ ഒരു വിഹിതം പാർട്ടി വളർത്താനും കൊടുക്കണം. പാർട്ടി ക്ലാസുകളിൽ അഴീക്കോടൻ രാഘവനും എ. വി. കുഞ്ഞമ്പുവും പഠിപ്പിച്ചതെല്ലാം ഇന്നും മനസിലുണ്ട്.