k-surendran

കണ്ണൂർ: ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയാണ് സി എം രവീന്ദ്രന്റെ ആശുപത്രി നാടകമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം സി എം രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഭയം തേടുകയാണ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവ് പുറത്തുവരാതിരിക്കാനാണ് ചിലർ സ്വപ്‌നയെ സന്ദർശിച്ച് സ്വാധീനിക്കാൻ ശ്രമിച്ചത്. ദേശീയ അന്വേഷണ ഏജൻസികൾ ജയിൽ സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. ജയിൽ ഡി ജി പി ഉത്തരവാദിത്തം പാലിക്കുന്നില്ല. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുകയാണ്. കേരള പൊലീസ് സ്വപ്‌നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്‌നയെ പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. ഏജൻസികൾ വിവരം ചോർത്തി തരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

യു ഡി എഫിന് അകത്ത് മുസ്ലീം വർഗീയതയുടെ ആധിപത്യമാണ്. എൽ ഡി എഫിനെ നേരിടാൻ യു ഡി എഫിനെ കൊണ്ടാകില്ല. വെൽഫയർ പാർട്ടിയുമായുളള ബന്ധത്തെപ്പറ്റി മുല്ലപ്പളളി പറയുന്നത് പച്ചക്കളളമാണെന്നും അദ്ദേഹം പറഞ്ഞു.