icici-bank-fraud

ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രത്തിലെ നിർണായക വിവരങ്ങൾ പുറത്ത്. മുൻ മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെയും, വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂട്ടിന്റെയും ഡ്രൈവർമാരും, തോട്ടക്കാരും, ഓഫീസിലെ ജൂനിയർ ലെവലിലുള്ള ജോലിക്കാരുമൊക്കെ കമ്പനികളിലെ ഡമ്മി ഡയറക്ടർമാരായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ഈ ജീവനക്കാരുടെ മൊഴികൾ ഇഡി രേഖപ്പെടുത്തി. തങ്ങളെ ഡയറക്ടർമാരാക്കിയ കമ്പനികളെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നാണ് അവരിൽ പലരും പറയുന്നത്. നവംബർ മൂന്നിനാണ് കുറ്റപത്രം സമർപ്പിച്ചത്. 1994 മുതൽ അഹമ്മദ്‌നഗറിലെ ധൂട്ടിന്റെ ബംഗ്ലാവിലെ ജോലിക്കാരനായിരുന്ന കേശ്മൽ നെൻസുഖ്‌ലാൽ ഗാന്ധി രേഖകൾ പ്രകാരം ഐആർസിഎല്ലിൽ (ഇന്ത്യൻ റഫ്രിജറേറ്റർ കമ്പനി ലിമിറ്റഡ്) ഡയറക്ടറായിരുന്നുവെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു. എന്തിനാണെന്ന് അറിയില്ലെങ്കിലും ധൂട്ടിന്റെ നിർദ്ദേശപ്രകാരം താൻ രേഖകളിൽ ഒപ്പിടാറുണ്ടായിരുന്നെന്നും, കമ്പനിയുടെ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുത്തിട്ടില്ലെന്നും കേശ്മൽ മൊഴി നൽകി.


2001 മുതൽ 2016 വരെ വീഡിയോകോൺ ഇന്റർനാഷണലിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ലക്ഷ്മികാന്ത് സുധാകർ കറ്റോർ, രേഖകൾ പ്രകാരം വിവിധ കമ്പനികളിലെ ഡയറക്ടറായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചോ ആർസിപിഎല്ലിൽ (റിയൽ ക്ലീൻടെക് പ്രൈവറ്റ് ലിമിറ്റഡ്) 50 ശതമാനം ഓഹരിയുടമകളെക്കുറിച്ചും അറിയില്ലെന്ന് അദ്ദേഹം ഇഡിയോട് പറഞ്ഞു. കൂടാതെ വെറും പതിനായിരം രൂപ ശമ്പളം മാത്രമാണ് ലഭിച്ചതെന്നും ലക്ഷ്മികാന്ത് കൂട്ടിച്ചേർത്തു.

വിഡിയോകോണിന് വ്യവസ്ഥകള്‍ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്.ദീപക് കൊച്ചാറിന്റെ കമ്പനിയായ ന്യൂപവർ റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് (എൻആർപിഎൽ) വീഡിയോകോൺ ഗ്രൂപ്പ് 64 കോടി രൂപ നിക്ഷേപിച്ചത് കൈക്കൂലി പണമാണെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.