parthiv-patel

ന്യൂഡൽഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ പാർത്ഥിവ് പട്ടേൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് മുൻ ഇന്ത്യൻ താരം ക്രിക്കറ്റിൽ നിന്നും പൂർണമായും വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്. പതിനേഴാം വയസിൽ ഇന്ത്യൻ ടീമിനായി കളിച്ച പാർത്ഥിവ് പട്ടേൽ തന്റെ മുപ്പത്തിയഞ്ചാമത്തെ വയസിലാണ് ക്രിക്കറ്റിൽ നിന്നും വിട പറയുന്നത്.

pic.twitter.com/QbqdHX00dR

— parthiv patel (@parthiv9) December 9, 2020

25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും ഇന്ത്യയ്‌ക്കായി പാഡണിഞ്ഞ പാർത്ഥിവ് ഏതാനും ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനായി 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു. 25 ടെസ്റ്റുകളിൽ നിന്ന് 31.13 ശരാശരിയിൽ 934 റൺസ് നേടി. ഇതിൽ ആറ് അർദ്ധസെഞ്ചുറികളും ഉൾപ്പെടുന്നു. 71 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ 62 ക്യാച്ചുകളും 10 സ്റ്റംപിംഗും സ്വന്തമാക്കി.

parthiv-patel

38 ഏകദിനങ്ങളിൽ നിന്ന് 23.74 ശരാശരിയിൽ 736 റൺസ് നേടി. ഇതിൽ നാല് അർദ്ധസെഞ്ചുറികളുണ്ട്. 95 റൺസാണ് ഉയർന്ന സ്കോർ. ഇതിനു പുറമെ 30 ക്യാച്ചുകളും ഒമ്പത് സ്റ്റംപിംഗും സ്വന്തമാക്കി. രണ്ട് ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 18.00 ശരാശരിയിൽ 36 റൺസ് നേടി. ഉയർന്ന സ്കോർ 26 ആണ്.

parthiv-patel

ഇന്ത്യൻ ക്രിക്കറ്റിലെ ബേബി

2002ൽ ഇന്ത്യൻ ‌ടീമിനായി പാഡ് അണിയുമ്പോൾ പതിനേഴ് വർഷവും 153 ദിവസവുമായിരുന്നു പാർത്ഥിവിന്റെ പ്രായം. ടെസ്റ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവും ഇതോടെ പാർത്ഥിവ് സ്വന്തമാക്കി. സച്ചിൻ തെൻഡുൽക്കർ, എൽ ശിവരാമകൃഷ്ണൻ എന്നിവർക്ക് ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പാർത്ഥിവ് പട്ടേലിനാണ്.

parthiv-patel

രാജ്യാന്തര കരിയറിന് മികച്ച തുടക്കമിടാൻ കഴിഞ്ഞെങ്കിലും, ദിനേഷ് കാർത്തിക്കിന്റെയും മഹേന്ദ്രസിംഗ് ധോണിയുടെയും വരവോടെയാണ് പാർത്ഥിവ് മുഖ്യധാരയിൽനിന്ന് പുറത്തായത്. പിന്നീട് ധോണി വിശ്രമിക്കാൻ തീരുമാനിച്ച അപൂർവം അവസരങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പറെന്ന നിലയിൽ പട്ടേൽ ടീമിലെത്തിയത്. 2008ൽ ശ്രീലങ്കൻ പര്യടനത്തിലെ ഒരു ടെസ്റ്റിൽ ഇങ്ങനെ അവസരം ലഭിച്ചു. പിന്നീട് 2011, 2012 വർഷങ്ങളിലായി ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ സ്‌പെഷ്യലിസ്റ്ര് ബാറ്റ്സ്‌മാനായി ഏതാനും മത്സരങ്ങൾ കളിച്ചു. 2016–18 കാലഘട്ടത്തിൽ അഞ്ച് ടെസ്റ്റുകൾ കൂടി കളിച്ചതോടെ രാജ്യാന്തര കരിയർ പൂർണമായി.