
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ആകാംക്ഷയോടെ വീക്ഷിച്ചത് തലസ്ഥാനത്തെ പോരാട്ടമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തി ഇടതു മുന്നണിക്ക് ഒപ്പമെത്തിയ ബി ജെ പി ഇക്കുറി ഭരണം പിടിക്കുമോ എന്ന ചർച്ചയാണ് എല്ലായിടത്തും. വോട്ട് പെട്ടിയിലായതിന് ശേഷവും മുന്നണികളുടെ കൂട്ടലും കിഴിക്കലും തുടരുകയാണ്. കൊവിഡ് ഭീതിയിലും നഗരത്തിൽ വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിന് ഒപ്പമെത്തിക്കാൻ കഴിഞ്ഞു എന്ന ആശ്വാസത്തിലാണ് പാർട്ടികൾ.
തുടർ ഭരണ പ്രതീക്ഷയിൽ ഇടത് പക്ഷം
യുവ നിരയെ അണിനിരത്തിയാണ് ഇക്കുറി സി പി എം തലസ്ഥാനത്ത് തുടർ ഭരണത്തിന് വോട്ട് തേടി ഇറങ്ങിയത്. കഴിഞ്ഞ തവണ നിരവധി സീറ്റുകളിൽ മുതിർന്ന നേതാക്കൾക്ക് സംഭവിച്ച അപ്രതീക്ഷിത തോൽവിയും, യുവത്വത്തെ അണിനിരത്തി വിജയം കൊയ്ത ബി ജെ പിയുടെ തന്ത്രവും മനസിലാക്കിയാണ് ഇടത് മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പ്രചരണത്തിന്റെ എല്ലാ ഘട്ടത്തിലും മേൽക്കൈ നേടുവാൻ കഴിഞ്ഞതും, തലസ്ഥാനത്തിന്റെ ചുമതലയുള്ള മന്ത്രി കടകം പള്ളി സുരേന്ദ്രൻ മുഴുവൻ സമയവും പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും അനുകൂലമാവും എന്നാണ് പാർട്ടി വിലയിരുത്തുന്നത്. തിരുവനന്തപുരം നഗരസഭയിൽ അഭിമാനകരമായ നേട്ടമായിരിക്കും ഇത്തവണ എൽഡിഎഫ് നേടാൻ പോകുന്നതെന്നാണ് തിരഞ്ഞെടുപ്പ് ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടത്.
ബി ജെ പിക്ക് ഒന്നാമതെത്താൻ ഒന്നിലധികം കാരണങ്ങൾ
കഴിഞ്ഞ തവണ അപ്രതീക്ഷിതമായി തലസ്ഥാനത്തുണ്ടായ മുന്നേറ്റത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ഒന്നാമനാവാൻ തന്നെയാണ് ഇക്കുറി ബി ജെ പി മത്സരത്തിനിറങ്ങിയത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് കൂടി മനസിൽ കണ്ട് ചിട്ടയായ പ്രവർത്തനങ്ങൾ അവർ നടത്തി. നഗര ഹൃദയഭാഗങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞപ്പോഴും പാർട്ടി ശക്തമായ അതിർത്തി പ്രദേശങ്ങളായ കഴക്കൂട്ടം, നേമം ഭാഗങ്ങളിൽ കനത്ത പോളിംഗാണ് നടന്നത്. കഴിഞ്ഞ തവണത്തെക്കാളും മുന്നേറ്റം ഉണ്ടാകും എന്ന കണക്ക് കൂട്ടലിലാണ് ബി ജെ പിയുള്ളത്. യുഡിഎഫ് ബിജെപി ഒത്തുകളി നടന്നുവെന്ന മുൻ മേയർ കെ ശ്രീകുമാറിന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ആരോപണം പരാജയ ഭീതി മുന്നിൽ കണ്ടാണെന്ന് കരുതുകയാണ് ബി ജെ പി നേതാക്കൾ. സംസ്ഥാന നേതാക്കളെ ഉൾപ്പടെ കളത്തിലിറക്കിയത് വോട്ട് എണ്ണുമ്പോൾ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. ഭരണ വിരുദ്ധ വോട്ടുകൾ ജയപ്രതീക്ഷയുള്ള തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വീഴുമെന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നുണ്ട്.
പ്രതീക്ഷ കൈവിടാതെ യു എഡി എഫും
സ്ഥാനാർത്ഥി നിർണയത്തിൽ പതിവ് പോലെ തർക്കങ്ങൾ ഉയർന്നിരുന്നുവെങ്കിലും പകുതിയോളം സീറ്റുകളിൽ നിർണായക സ്വാധീനമാകാൻ തങ്ങൾക്ക് കഴിയും എന്ന വിശ്വാസമാണ് കോൺഗ്രസും പങ്കുവയ്ക്കുന്നത്. എന്നാൽ തീരപ്രദേശങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിന് തിരിച്ചടിയായേക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പോലെ ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുഗ്രഹമാകും എന്ന കണക്കുകൂട്ടലിലാണ് അവർ.