
തിരുവനന്തപുരം: ഒരു രാജ്യം ഒരു റേഷൻ കാർഡ് സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കിയതിനെ തുടർന്ന് കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങൾക്ക് 23,523 കോടി രൂപയുടെ വായ്പ കേന്ദ്രം അനുവദിക്കും. കേരളത്തിന് മാത്രം 2261 കോടി രൂപയാണ് കിട്ടുക. കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്താനും കൊവിഡിനെ തുടർന്ന് ക്ഷീണം വന്ന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് അവരുടെ ജി.എസ്.ഡി.പിയുടെ 2 ശതമാനം കൂടി വായ്പ എടുക്കാൻ കേന്ദ്രം അനുവദിച്ചത്.
ഇതിൽ 0.5 ശതമാനത്തിന് നിബന്ധനകളില്ല. എന്നാൽ ഒന്നര ശതമാനം നിബന്ധനകൾക്ക് വിധേയമായാണ് അനുവദിക്കുക. പൊതുജനങ്ങൾക്ക് സേവനം കിട്ടുന്നു എന്നുറപ്പുവരുത്തുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നവർക്കാണ് ഈ വായ്പ കിട്ടുക. കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യത്തിന്റെ ഏത് സ്ഥലത്തും റേഷൻ സാധനങ്ങൾ സൗജന്യ നിരക്കിൽ കിട്ടുന്ന വിധത്തിൽ ഭക്ഷ്യ സുരക്ഷാ നിയമവും മറ്റ് ക്ഷേമ പദ്ധതികളും നടപ്പാക്കിയവർക്കാണ് ഇതിൽ 0.25 ശതമാനം വായ്പ നൽകുന്നത്.വ്യാജ കാർഡുകൾ ഒഴിവാക്കിയ യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കിട്ടാനും അനർഹരെ ഒഴിവാക്കി ചോർച്ച തടയാനുമാണ് ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്.
കേരളത്തെ കൂടാതെ ആന്ധ്ര, ഗോവ,ഗുജറാത്ത്, ഹരിയാന, കർണാടക, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സഹായം കിട്ടുക. ഡിസംബർ 31 ന് മുമ്പ് പരിഷ്‌കരണ നടപടികൾ പൂർത്തിയാക്കുന്നവർക്കും വായ്പാ സൗകര്യം ലഭിക്കും. ഒരു രാജ്യം ഒരു റേഷൻ കാർഡ് കൂടാതെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്സ്, നഗര പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലെയും ഊർജ്ജ മേഖലയിലെയും പരിഷ്‌കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയ സംസ്ഥാനങ്ങൾക്കാണ് ബാക്കി 1.25 ശതമാനത്തിന്റെ വായ്പ ലഭിക്കുക.