
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്ന ആക്ഷേപത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അവാസ്‌തവ പ്രചാരണമാണ് മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത്. വെബ് റാലികളിൽ പിണറായി വിജയൻ സജീവമാണ്. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാണ് തിരഞ്ഞെടുപ്പ് വേദികളിലെ മുഖ്യമന്ത്രിയുടെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഏജൻസികൾ തിരിയുന്നു എന്നത് വാസ്‌തവമാണ്. കേന്ദ്ര ഏജൻസികളുടെ കൈയിലുളള പ്രതികളെ ആരെങ്കിലും സന്ദർശിച്ചാൽ ഞങ്ങൾ ഉത്തരം പറയേണ്ടതില്ലെന്നും സ്വപ്‌ന കോടതിയിൽ പറഞ്ഞ പരാതിയെ കുറിച്ച് ചോദിച്ചപ്പോൾ എ വിജയരാഘവൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിനിടയിലും ആർ എസ് എസ് ആക്രമണം നടത്തുന്നു. സംയമനം പാലിച്ചുളള പ്രവർത്തനമാണ് സി പി എം നടത്തുന്നത്. ശാരീരിക അവശതകൾ ഉളളത് കൊണ്ടാണ് സി എം രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയത്. കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവും സ്വർണക്കടത്തിൽ ഇല്ലാകഥകൾ പ്രചരിപ്പിപ്പിക്കുകയാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.