
ജയ്‌പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മിക്ക ജില്ലകളിലും കോൺഗ്രസിന് വൻ തിരിച്ചടി. ആകെയുളള 33 ജില്ലകളിൽ 21ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 13 ഇടങ്ങളിലും ലീഡ് ചെയ്യുന്നത് ബിജെപിയാണ്. വോട്ടിംഗ് നടന്ന 222 പഞ്ചായത്ത് സമിതികളിൽ 93 ഇടത്തും ബിജെപിയാണ് മുന്നിൽ. കോൺഗ്രസിന് 81 ഇടത്തേ ലീഡ് ചെയ്യാനാകുന്നുളളു.
ഫലം ഇനിയും വരാനുണ്ടെങ്കിലും ശുഭപ്രതീക്ഷയിലായ സംസ്ഥാന ബിജെപി വിജയം സമ്മാനിച്ച ഗ്രാമീണ ജനതയ്‌ക്കും കർഷകർക്കും വീട്ടമ്മമാർക്കും നന്ദി പറയുന്നതായി അറിയിച്ചിട്ടുണ്ട്. ഈ വിജയം കർഷകർക്കും പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയിലുളള വിശ്വാസമാണ് തുറന്നുകാട്ടുന്നതെന്ന് ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി നദ്ദ അറിയിച്ചു. എന്നാൽ ബിജെപിയ്‌ക്ക് പുറമേ കോൺഗ്രസിന് തലവേദനയായി പുതിയ പാർട്ടികളുടെ ഉദയവും ഈ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായി. മുൻ ബിജെപി നേതാവ് ഹനുമാൻ ബെനിവാളിന്റെ രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാർട്ടി ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. നിലവിൽ എൻ.ഡി.എയിലാണ് ആർ.എൽ.പി. ഭാരതീയ ട്രൈബൽ പാർട്ടി(ബി.ടി.പി) ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ ചിലയിടങ്ങളിൽ പരാജയപ്പെടുത്തി.
നഗരഭാഗങ്ങളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനമായിരുന്നു കാഴ്‌ച വച്ചത്. ആകെ ആറ് നഗരസഭകളിൽ നാലിലും കോൺഗ്രസ് അംഗങ്ങൾ തന്നെ മേയറായി. എന്നാൽ ഗ്രാമീണ മേഖലകളിൽ ബിജെപി ശക്തി പ്രാപിക്കുന്നതാണ് കാണാനാകുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി സച്ചിൻ പൈലറ്റിനുണ്ടായ അഭിപ്രായ വ്യത്യാസം രാജസ്ഥാൻ മന്ത്രിസഭയെ ഉലച്ചിരുന്നു. ഇതിന്റെ അലയൊലി താഴെതട്ടിൽ വരെ എത്തിയതിന്റെ സൂചനയായാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കാണുന്നത്.
സംസ്ഥാന കോൺഗ്രസിലെ അതികായൻമാരായ ഗോവിന്ദ് സിംഗ് ദോതാസാറ, ആരോഗ്യമന്ത്രി രഘു ശർമ്മ എന്നിവരുടെ മണ്ഡലങ്ങളായ സിക്കറിലും അജ്‌മീറിലും ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിച്ചു. അജ്‌മീറിൽ 11ൽ ഒൻപത് ബ്ളോക്കും ബിജെപി വിജയിച്ചു. ഗ്രാമീണ മേഖലയിലെ തകർച്ച പാർട്ടിയുടെ പരമ്പരാഗത അടിത്തറ തകർന്നതിന് തെളിവാണ്. മുൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ ബിജെപിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു.