hibi-eden

ന്യൂഡൽഹി: എറണാകുളം എം പി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. ലോക്‌‌സഭ തിരഞ്ഞെടുപ്പിൽ സരിത നായരും എറണാകുളം മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ക്രിമിനൽ കേസിൽ രണ്ട് വർഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാൽ വരണാധികാരി പത്രിക തളളുകയായിരുന്നു. ഇതിനെതിരെ സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തളളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

നേരത്തെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്‌ത് സരിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ആ ഹർജിയും തളളുകയായിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട്, എറണാകുളം, എന്നിവിടങ്ങളിൽ സരിത നൽകിയ നാമനിർദേശ പത്രികയാണ് വരണാധികാരികൾ തളളിയത്. എന്നാൽ അമേഠിയിൽ സരിത നായരുടെ പത്രിക സ്വീകരിക്കുകയും സരിത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു.