
ബംഗളൂരു: ഈശ്വരന് മുന്നിൽ മതമില്ല എന്ന് വിവേകികൾ പറയുന്നത് അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുകയാണ് ബംഗളൂരു സ്വദേശി എച്ച്.എം.ജി ബാഷ. ഇസ്ളാം മത വിശ്വാസിയായ കയറ്റുമതി വ്യാപാരിയായ ബംഗളൂരു കൊടുഗോഡിയിൽ താമസിക്കുന്ന ബാഷ തന്റെ ഭൂമിയിലെ കുറച്ച് ഭാഗം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് നൽകി. ബംഗളൂരു-ഹോസ്‌കോട്ടെ ഹൈവേയിലാണ് ഈ സ്ഥലം. താരതമ്യേന ചെറിയ ക്ഷേത്രമായ ആഞ്ജനേയ സ്വാമി ക്ഷേത്രത്തോട് ചേർന്ന് ബാഷയ്‌ക്ക് മൂന്നേക്കറോളം ഭൂമിയുണ്ട്. ഇവിടെ പ്രദക്ഷിണം വയ്‌ക്കുന്നതിനും മറ്റും ഭക്തർ വിഷമിക്കുന്നത് ബാഷ കാണാറുണ്ടായിരുന്നു.
ഒരിക്കൽ നാട്ടുകാർ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തീരുമാനിച്ചു. വിവരം ബാഷയും അറിഞ്ഞു. തന്റെതായ എന്തെങ്കിലും സഹായം ക്ഷേത്രത്തിനായി നൽകണമെന്ന് കരുതിയ വലിയ മനസുളള ബാഷ ഏകദേശം നാല്‌സെന്റോളം ഭൂമി ക്ഷേത്രത്തിന് ദാനം ചെയ്‌തു. ഏകദേശം 80 ലക്ഷം രൂപ വിലവരുന്ന ഭൂമിയാണിത്. ഇതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇനി സുഖമായി ദർശനം നടത്താം. ബാഷയോടുളള നന്ദി സൂചകമായി ക്ഷേത്രഭാരവാഹികൾ ബാഷയുടെ പ്രവൃത്തി പോസ്‌റ്ററുകൾ അച്ചടിച്ച് നാടാകെ അറിയിച്ചു.