pinarayi-vijayan

കൊല്ലം: മൺറോതുരുത്തിലെ സി പി എം പ്രവർത്തകൻ മണിലാലിന്റെ കൊലപാതകത്തിൽ സി പി എമ്മിനേയും മുഖ്യമന്ത്രിയേയും തളളി പൊലീസ്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്നാണ് പൊലീസ് നിലപാട്. രാഷ്ട്രീയ കൊലപാതകമെന്ന മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും നിലപാട് അപ്പാടെ തളളുന്നതാണ് എഫ് ഐ ആറും റിമാൻഡ് റിപ്പോർട്ടും. വിനോദസഞ്ചാരികളെ റിസോർട്ടിലേക്ക് കൊണ്ടുവരുന്നതിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവ ദിവസം, മുൻവൈരാഗ്യത്തെ തുടർന്ന് മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന ഭരണ നേതൃത്വത്തിന്റെ ആരോപണമാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടോടെ പൊളിഞ്ഞത്.

മണിലാലിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഡൽഹി പൊലീസിൽ നിന്നും വിമരിച്ച അശോകൻ (56), ഇയാളെ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പനിക്കത്തറ വീട്ടിൽ സത്യൻ (58) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു.

മണിലാലും അശോകനും തമ്മിലുളള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നും രാഷ്ട്രീയ ബന്ധത്തിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമുളള നിലപാടിലാണ് പൊലീസ് ആദ്യം മുതൽ ഉറച്ചു നിന്നത്. എന്നാൽ, ഇതിനെ രാഷ്ട്രീയ കൊലപാതകമെന്ന തരത്തിലാണ് സി പി എം അടക്കമുളള ഇടതു പാർട്ടികൾ പ്രചരിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തുമെന്ന് റൂറൽ എസ് പി ആർ ഇളങ്കോ പറഞ്ഞു.