ajay-more

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കേന്ദ്രത്തിന്റെ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്തിരുന്ന ഹരിയാന സ്വദേശിയായ യുവകർഷൻ അതിശൈത്യം മൂലം മരിച്ച നിലയിൽ. ഹരിയാന സോനിപത് സ്വദേശിയായ 32കാരൻ അജയ് മോറെ ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സിംഘു അതിർത്തിയിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തുവരികയായിരുന്നു ഇയാൾ. കർഷകർ താമസിച്ചിരുന്ന ക്യാമ്പിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഹൈപ്പോതെർമിയയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കർഷക പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അതിശൈത്യത്തെ തുടർന്നുള്ള അഞ്ചാമത്തെ മരണമാണിത്. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും മൂന്നുമക്കളും അടങ്ങുന്നതാണ് അജയ് മോറെയുടെ കുടുംബം.

കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ പലതവണ കേന്ദ്ര സര്‍ക്കാർ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

കേന്ദ്ര കൃഷിമന്ത്രി വിളിച്ച ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് കർഷക നേതാക്കൾ അറിയിച്ചിരുന്നു. നിയമങ്ങൾ പിൻവലിക്കുന്നത് വരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് കർഷക സംഘടനകൾ.