
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നാളെയും എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ല. രവീന്ദ്രൻ ആശുപത്രിയിൽ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രവീന്ദ്രന് ഉണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്. തലച്ചോറിന്റെ എം ആർ ഐ എടുക്കണമെന്നാണ് നിർദേശം. അതു കഴിഞ്ഞ് മാത്രമേ ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുളളൂ.
കൊവിഡ് ഭേദമായതിന് ശേഷവും ആശുപത്രിയിൽ തുടർന്ന സി എം രവീന്ദ്രനോട് ചോദ്യംചെയ്യലുമായി സഹകരിക്കാൻ സി പി എം സംസ്ഥാന നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നു. തുടർന്ന് ആശുപത്രി വിട്ട് വീട്ടിൽ ചികിത്സ തുടർന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമെന്ന വിലയിരുത്തലിൽ ഇന്നലെ വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയിരിക്കുന്നത്.
രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന പല സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ റെയ്‌ഡ് നടന്നിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ അടക്കം സ്വത്തുക്കൾ നിരീക്ഷണത്തിലാണ്. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ കത്തുമ്പോഴാണ് രവീന്ദ്രന്റെ ചോദ്യംചെയ്യൽ വീണ്ടും അനിശ്ചിതത്വത്തിലാകുന്നത്.
ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ചോദ്യംചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് തീരുമാനിച്ചത്. സർക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് രവീന്ദ്രൻ ശിവശങ്കറുമായി ചേർന്ന് നടത്തിയ ഇടപാടുകളാണ് സംശയ നിഴലിൽ നിൽക്കുന്നത്.