s-jaisankar


ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ 30-40 വര്‍ഷങ്ങളില്‍ ഇന്ത്യ ചൈനയുമായുള്ള ഏറ്റവും പ്രയാസകരമായ ഘട്ടത്തിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എന്ന് ജയ്ശങ്കര്‍. കിഴക്കന്‍ ലഡാക്കിലെയും മറ്റ് പ്രദേശങ്ങളിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിനെക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി, ചൈന പതിനായിരക്കണക്കിന് സൈനികരെ അതിര്‍ത്തിയിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.


''കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം സ്വാഭാവികമായും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വല്ലാതെ അസ്വസ്ഥമാക്കും,'' ജയ്ശങ്കര്‍ പറഞ്ഞു. ഗാല്‍വാന്‍ സംഭവം ചൈനയ്ക്കെതിരായ ദേശീയ വികാരത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു, അതിര്‍ത്തിയില്‍ അവസാനമായി അപകടങ്ങള്‍ സംഭവിച്ചത് 1975 ലാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 15 ന് നടന്ന ഏറ്റുമുട്ടലിൽ കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചു.

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ഉടന്‍ പരിഹരിക്കാന്‍ സാധിക്കില്ല,സങ്കീര്‍ണമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും.. നയതന്ത്രപരമായാണ് വിഷയം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നെതെന്നും ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ഈ വര്‍ഷം ഉണ്ടായ തര്‍ക്കത്തിനും സംഘര്‍ഷത്തിനും സമവായം ഉണ്ടാക്കുക എന്നതില്‍ ഉപരി വിശാല കാഴ്ചപ്പാടോടെ പ്രശ്‌നം പരിഹരിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. ഇന്ത്യ ഉയര്‍ത്തിയ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാതെ വിട്ടുവീഴ്ച ചെയ്യില്ലെന്നതാണ് നിലപാടെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ആഗോള തലത്തില്‍ ചൈനക്ക് തിരിച്ചടിയേറ്റിരിക്കുന്ന സമയമാണിതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടപെടലുകളില്‍ ജോ ബോഡന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതായില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.