look-to-speak

മനസിലുള‌ളത് പുറത്ത് പറയാൻ കഴിയാത്ത അവസ്ഥ ഓരോ മനുഷ്യർക്കും വളരെ വിഷമമുണ്ടാക്കുന്നതാണ്. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗാവസ്ഥയുള‌ളവർക്ക് സാങ്കേതിക വിദ്യാ സഹായത്തോടെ ഇപ്പോൾ സംസാരിക്കാം. അതും വെറും നോട്ടത്തിലൂടെ. സംസാരശേഷിയില്ലാത്തവർക്കും മോട്ടോന്യൂറോൺ രോഗ ബാധിതർക്കും സഹായമാകുന്ന നോട്ടത്തിലൂടെ സംസാരിക്കാവുന്ന ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. 'ലുക് ടു സ്‌പീക്ക്' എന്നാണ് ആപ്പിന്റെ പേര്.

കണ്ണിന്റെ സഹായത്തോടെ വാക്യങ്ങൾ തിരഞ്ഞെടുത്താൽ സ്‌മാർട്ഫോൺ അത് ഉറക്കെ പറയും അങ്ങനെ സംസാരിക്കാനാകാത്തവർക്ക് മനസ്സിലുള‌ളത് പുറത്തുപറയാം. സ്‌പീച്ച് ആന്റ് ലാംഗ്വേജ് തെറാപിസ്‌റ്റ് റിച്ചാർഡ് കേവും ഗൂഗിൾ ടീമും ചേർന്നാണ് ഈ ആപ്പ് വികസിപ്പിച്ചത്. ഫോൺ കണ്ണിന് നേരെ നേർരേഖയിൽ പിടിച്ച ശേഷം ആപ്പിൽ മുൻപേ തയ്യാറാക്കിയ വാക്യങ്ങൾ ഇടത്തേക്കോ വലത്തേക്കോ മുകളിലേക്കോ നോക്കി തിരഞ്ഞെടുക്കാം.വളരെ പ്രാഥമികമായി നാം ഉപയോഗിക്കുന്ന വാക്യങ്ങൾ ഹലോ, ഓകെ മുതലായവയൊക്കെ 'ലുക് ടു സ്‌പീക്ക്'ൽ ഉണ്ട്. മ‌റ്റൊരാളുടെ പേര് ചോദിക്കാനും അവരുടെ വിശേഷങ്ങൾ ചോദിക്കാനും ഇങ്ങനെ നോട്ടത്തിലൂടെ കഴിയും. ഉപയോഗിക്കുന്നയാളുടെ ശബ്‌ദം ആപ്പിൽ ചേർക്കാനും കഴിയും. പൂർണമായ വാചകങ്ങളെ ഇടത്ത് നിന്നും വലത്ത് നിന്നും ഒരുപോലെ എഡി‌റ്റ് ചെയ്യാം. ആപ്പിലേക്ക് സൂക്ഷിച്ച് നോക്കുന്നത് ക്രമീകരിക്കാനും കഴിയും.

ആൻഡ്രോയിഡ് 9.0 വേർഷനോ അതിന് മുകളിലുള‌ളവയോ ഉപയോഗിക്കുന്നവർക്ക് 'ലുക് ടു സ്‌പീക്ക്' ആപ് ലഭിക്കുമെന്ന് ഗൂഗിൾ അറിയിക്കുന്നു.