
ചെന്നൈ: തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജിനെ (വി.ജെ.ചിത്ര, 28) ചെന്നൈയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ചിത്ര ശ്രദ്ധേയായത്.
ഇ.വി.പി ഫിലിം സിറ്റിയിൽ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലർച്ചെ ഒരുമണിയോടെയാണ് ചിത്ര ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഭാവി വരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. പുലർച്ചെ അഞ്ചോടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ സാരിയിൽതൂങ്ങി നിൽക്കുന്ന ചിത്രയെയാണ്.
രണ്ടു മാസം മുമ്പായിരുന്നു ബിസിനസുകാരനായ ഹേമന്ദുമായി ചിത്രയുടെ വിവാഹ നിശ്ചയം. ജനുവരിയിലാണ് വിവാഹം.
ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ചിത്രയുടെ മുഖത്ത് പാടുകളുണ്ടെന്ന് കണ്ടെത്തിയതോടെ സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടക്കുകയാണ്.
കിൽപോക് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് റിപ്പോർട്ട് ലഭിച്ചാൽ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.
ചെന്നൈയിൽ കോട്ടൂർപുരത്താണ് ചിത്രയുടെ കുടുംബം.
എന്നാൽ അടുത്തിടെ ചിത്ര വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ചിത്രയ്ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മുതിർന്ന പൊലീസ് ഓഫീസർ പറഞ്ഞു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. ഹേമന്ദിനെയും ഹോട്ടൽ ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്തു.
പാണ്ഡ്യൻ സ്റ്റോർസ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും ടെലിവിഷൻ ഷോകളിലും അവതാരകയായിയിരുന്നു.