
ഏകദേശം 800 വർഷത്തിനിടെ ആദ്യമായി ഒരു അത്ഭുത ദൃശ്യത്തെ വരവേൽക്കാനൊരുങ്ങുകയാണ് ദൃശ്യം. ക്രിസ്മസ് രാവുകളെ കൂടുതൽ വിശിഷ്ടമാക്കാൻ ' ക്രിസ്മസ് സ്റ്റാർ ' ആണ് ചക്രവാളത്തിൽ ദൃശ്യ വിരുന്നൊരുക്കുക.
അതെ, 1226ന് ശേഷം ഈ ' ക്രിസ്മസ് സ്റ്റാറിനെ ' ആദ്യമായാണ് മനുഷ്യന് നഗ്നനേത്രങ്ങൾ കൊണ്ട് ഇത്രയും അടുത്ത് കാണാൻ സാധിക്കുക. ആകാശത്ത് പ്രകടമാകുന്ന അത്യപൂർവ പ്രതിഭാസമാണിത്. സൗരയൂഥത്തിലെ ഭീമൻ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമാണിത്.
നാം ഭൂമിയിൽ നിന്നു നോക്കുമ്പോഴാകട്ടെ ഇവർ രണ്ടുപേരെയും വേറിട്ടു കാണാൻ പ്രയാസമായിരിക്കും. മാത്രമല്ല, ഏതാണ്ട് കൂട്ടിയിടിച്ചതു പോലെയോ അല്ലെങ്കിൽ ഇരട്ട ഗ്രഹത്തിന്റെ പ്രതീതിയോ ആണ് ഭൂമിയിൽ നിന്നും ഈ അപൂർവ പ്രതിഭാസം വീക്ഷിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുക.
ബത്‌ലഹേമിൽ പ്രത്യക്ഷപ്പെടുന്ന നക്ഷത്രം വ്യാഴത്തിന്റെയും ശനിയുടെയും കൺജംങ്ഷൻ ആയിരിക്കാമെന്ന് വിശ്വസിക്കുന്ന ജ്യോതിശാസ്ത്രജ്ഞർ ഏറെയാണ്. അതുകൊണ്ടാണ് 'ക്രിസ്മസ് സ്റ്റാർ ' എന്ന അപരനാമത്തിൽ ഈ പ്രതിഭാസം പ്രസിദ്ധമായത്. വ്യാഴത്തിന്റെയും ശനിയുടെയും ഈ സമാഗമം അറിയപ്പെടുന്നത് ' ഗ്രേറ്റ് കൺജംങ്ഷൻ ( Great Conjunction )' എന്നാണ്.

ഡിസംബർ 21ന് സൂര്യാസ്തമയത്തിന് ശേഷം തെക്ക് പടിഞ്ഞാറൻ ആകാശത്ത് ഈ വിസ്മയം കാണാം. ഒരു ബൈനോക്കുലറോ ചെറിയ ടെലിസ്കോപ്പോ ഉണ്ടെങ്കിൽ വ്യാഴത്തെയും ശനിയേയും വെവ്വേറെ ദർശിക്കാം. ഒപ്പം ഇരു ഗ്രഹങ്ങളുടെയും ഏതാനും ഉപഗ്രഹങ്ങളെയും കാണാം.
20 വർഷങ്ങൾ കൂടുമ്പോൾ വ്യാഴവും ശനിയും അടുത്ത് വരാറുണ്ട്. എന്നാൽ ഇരുഗ്രഹങ്ങളും ഇത്രയും അടുത്ത് വരുന്നത് വളരെ അപൂർവമാണ്. 1226 മാർച്ച് 4നാണ് മുമ്പ് ഇത്രയും അടുത്ത് വ്യാഴവും ശനിയും പ്രത്യക്ഷപ്പെട്ടത്.
ഇനി 2080 മാർച്ച് 15ന് മാത്രമേ വ്യാഴത്തിന്റെയും ശനിയുടേയും ഗ്രേറ്റ് കൺജംങ്ഷൻ വ്യക്തമായി കാണാൻ സാധിക്കൂവെന്ന് നാസ പറയുന്നു. ചിലപ്പോൾ അത് 2400 ന് ശേഷവുമാകാം. 20 വർഷങ്ങൾ കൂടുമ്പോൾ വ്യാഴവും ശനിയും അടുത്ത് വരാറുണ്ടെന്ന് പറഞ്ഞല്ലോ. എന്നാൽ വ്യാഴത്തിന്റെയും ശനിയുടെയും ഇത്തരം കൺജംങ്ഷൻ എല്ലാ തവണയും ദൃശ്യമാകണമെന്നില്ല. വരുന്ന 21ന് കാണുന്നത്ര അടുത്ത് വ്യാഴത്തെയും ശനിയേയും അടുത്ത് കാണാൻ ഏകദേശം 800 വർഷങ്ങൾ വേണ്ടി വരും ( കൃത്യമായി പറഞ്ഞാൽ 794 വർഷങ്ങൾ ).