apple-headphone


ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും പ്രീമിയം ആണ്. പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 12, ഐപാഡ്, സ്മാര്‍ട്ട് വാച്ച് എന്നുവേണ്ട ആപ്പിള്‍ ഡിവൈസുകള്‍ക്കെല്ലാം വില കൂടുതലാണ്. അപ്പോള്‍ പിന്നെ ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഓവര്‍-ഈയര്‍ ഹെഡ്‌ഫോണിനും വില കുറയില്ലല്ലോ? എയര്‍പോഡ്സ് മാക്‌സ് ആണ് ആപ്പിളിന്റെ ആദ്യ ഓവര്‍-ഈയര്‍ വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍. വില 59,900 രൂപ. അമേരിക്കന്‍ വിപണിയില്‍ 549 ഡോളര്‍ ആണ് എയര്‍പോഡ്സ് മാക്സിന്റെ വില. ഇന്ത്യയില്‍ കസ്റ്റംസ്, ലോജിസ്റ്റിക് തീരുവകള്‍ കൂടെ ചേരുമ്പോഴാണ് വില വര്‍ദ്ധിക്കുന്നത്.

ഈ മാസം 15 മുതല്‍ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്ന എയര്‍പോഡ്സ് മാക്‌സിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. സോണി, ബോസ്, ജാബ്ര, സെന്‍എയ്‌സര്‍ തുടങ്ങിയ വമ്പന്മാരുമായി കൊമ്പു കോര്‍ക്കാന്‍ എത്തിയിരിക്കുന്ന എയര്‍പോഡ്സ് മാക്‌സ് പിങ്ക്, ഗ്രീന്‍, ബ്ലൂ, സ്‌പേസ് ഗ്രേ, സില്‍വര്‍ എന്നീ 5 നിറങ്ങളില്‍ ലഭ്യമാണ്. ആപ്പിള്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലാപ് ഓപ്പണ്‍ 'സ്മാര്‍ട്ട്' കേസിലാണ് എയര്‍പോഡ്സ് മാക്‌സ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒപ്പം യു എസ് ബി-സി ലൈറ്റ്‌നിംഗ് കേബിളുമുണ്ടാവും.


ആപ്പിള്‍ എയര്‍പോഡ്സ് മാക്‌സ്

എയര്‍പോഡ്സ് മാക്‌സ് ഉയര്‍ന്ന ഫിഡിലിറ്റി ഓഡിയോ നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചെവിക്ക് ചുറ്റുമുള്ള മഷീന്‍ഡ് അലുമിനിയം ഇയര്‍കപ്പുകള്‍ പ്രത്യേകമായി തയ്യാറാക്കിയ സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെത്രേ. ഇത് സ്റ്റെയിന്‍ലെസ്-സ്റ്റീല്‍ ഹെഡ്ബാന്‍ഡിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഹെഡ് ബാന്റിന് നിറ്റ് മെഷ് ആവരണമുണ്ട്. എയര്‍പോഡ്‌സ് മാക്സിന്റെ ഇയര്‍കപ്പുകള്‍ളില്‍ ഘടിപ്പിച്ചിരിക്കുന്ന മാഗ്‌നെറ്റിക് കുഷ്യന്‍ മികച്ച ശബ്ദത്തോടൊപ്പം ബാഹ്യമായ ശബ്ദങ്ങള്‍ അകത്തേക്ക് വരാതെ പരമാവധി പ്രതിരോധിക്കും.


എയര്‍പോഡ്‌സ് മാക്‌സില്‍ കസ്റ്റം 40 എം എം ഡൈനാമിക് ഡ്രൈവറുകളും പ്രൊപ്രൈറ്ററി H1 ചിപ്പും ഘടിപ്പിച്ചിരിക്കുന്നു. ഹെഡ്ഫോണുകളില്‍ മൊത്തം ഒന്‍പത് മൈക്രോഫോണുകളുണ്ട്, അവയില്‍ എട്ട് എണ്ണം എല്ലാ ദിശകളില്‍ നിന്നും ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ സപ്പോര്‍ട്ട് ചെയ്യും. ആപ്പിളിന്റെ ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ഫോണുകളായ എയര്‍പോഡ്‌സ് പ്രോയ്ക്ക് സമാനമായ സിംഗിള്‍-ബട്ടണ്‍ പ്രസ് ട്രാന്‍സ്പാരന്‍സി മോഡ് എയര്‍പോഡ്‌സ് മാക്‌സിലുണ്ട്. ബ്ലൂടൂത്ത് വി5 ആണ് കണക്ടിവിറ്റി ഓപ്ഷന്‍.


ഡൈനാമിക് ഹെഡ് ട്രാക്കിങ്ങോടുകൂടെയാണ് എയര്‍പോഡ്‌സ് മാക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ആക്സിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ് സെന്‍സറുകള്‍ ഉപയോഗിച്ച് തലയുടെ ചലനം ട്രാക്ക് ചെയ്ത് അതിനനുസരിച്ച് ഈ സംവിധാനം ശബ്ദം ക്രമീകരിക്കും. ഹെഡ്‌ഫോണുകള്‍ ചെവിയില്‍ നിന്നും മാറ്റിയാല്‍ ഉടന്‍ ശബ്ദം നിലയ്ക്കും വിധം സെന്‍സറുകളും ഒരുക്കിയിട്ടുണ്ട്. ഒപ്പം സംഗീതത്തിന്റെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി ശബ്ദം ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള അഡാപ്റ്റീവ് ഇക്യുവും എയര്‍പോഡ്‌സ് മാക്‌സിലുണ്ട്. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒന്നര മണിക്കൂര്‍ വരെ എയര്‍പോഡ്‌സ് മാക്സ് പ്രവര്‍ത്തിക്കുമത്രേ.