
പാരീസ് : ടീമിന്റെ സഹപരിശീലകനെ അസിസ്റ്റന്റ് റഫറി വംശീയമായി അധിക്ഷേപിച്ചതിനെത്തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം നിറുത്തേണ്ടിവന്നു.ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും തുർക്കി ക്ളബ് ഇസ്താംബുൾ ബസക്സെഹ്റും തമ്മിൽ നടന്ന മത്സരത്തിലാണ് അസിസ്റ്റന്റ് റഫറിയുടെ ഭാഗത്തുനിന്ന് തീർത്തും നിരുത്തരവാദപരമായ ഇടപെടലുണ്ടായത്.
ബസക്സെഹറിന്റെ സഹപരിശീലകനെയാണ് വംശീയച്ചുവയുള്ള പരാമർശത്തിലൂടെ ഫോർത്ത് ഒഫീഷ്യൽ അപമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് ബസക്സെഹർ താരങ്ങൾ മത്സരം ബഹിഷ്കരിച്ച് ഗ്രൗണ്ടിൽനിന്ന് മടങ്ങി. ഇതിനു പിന്നാലെ നെയ്മറും എംബാപ്പെയും ഉൾപ്പടെയുള്ള പി.എസ്.ജി താരങ്ങളും അവർക്കു പിന്തുണ പ്രഖ്യാപിച്ച് തിരികെപ്പോയി.രണ്ട് മണിക്കൂറോളമായി നടത്തിയ ചർച്ചകൾക്ക് ശേഷം പുതിയ ഒഫിഷ്യൽസിനെ വച്ച് കളി പിറ്റേന്ന് നടത്തുവാൻ ഇരുടീമുകളും സമ്മതിച്ചു.
മത്സരം തുടങ്ങി 14 മിനിട്ടായപ്പോഴാണ് നാടകീയ നിമിഷങ്ങൾ ഉരുത്തിരിഞ്ഞത്. മത്സരത്തിനിടെ ത്രോ ലൈനിന് തൊട്ടടുത്ത് ബസക്സെഹർ സഹപരിശീലകൻ പിയറി വെബോയും ഫോർത്ത് ഒഫീഷ്യൽ സെബാസ്റ്റ്യൻ കോൾടെസ്ക്യുവും തമ്മിൽ ഉരസിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട റഫറി കാമറൂണിന്റെ മുൻ താരം കൂടിയായ വെബോയ്ക്ക് ചുവപ്പുകാർഡ് നൽകി.
എന്നാൽ, വെബോയുമായുള്ള വാക്കുതർക്കത്തിനിടെ ഫോർത്ത് ഒഫീഷ്യലായ കോൾടെസ്ക്യു വംശീയച്ചുവയുള്ള പരാമർശം നടത്തിയതിനെ വെബോ എതിർത്തു. ബസക്സെഹർ അധികൃതർ ഡഗ്ഔട്ടിന് തൊട്ടരികെ പ്രതിഷേധിച്ചു. പിന്നാലെ താരങ്ങളും പ്രതിഷേധിക്കുകയും ടീം ഒന്നടങ്കം മത്സരം ബഹിഷ്കരിച്ച് ഗ്രൗണ്ട് വിടുകയും ചെയ്തു.ഇതോടെ പി.എസ്.ജി താരങ്ങളും ബസക്സെഹറിന്പ്രഖ്യാപിച്ച് ഗ്രൗണ്ടിൽനിന്ന് മടങ്ങി. മത്സരം പുനഃരാരംഭിക്കാൻ അധികൃതർ ആവതു ശ്രമിച്ചെങ്കിലും ബസക്സെർ ടീം വഴങ്ങിയില്ല.വിബോയ്ക്ക് പിഎസ്ജി സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പെ, നെയ്മർ തുടങ്ങിയവരും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.