
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനും നിർണായകമായ തെളിവുകൾ പുറത്ത് വരാതിരിക്കാനുമാണ് സ്വപ്നയെ സന്ദർശിച്ച് ചിലർ ഭീഷണിപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ യഥാർത്ഥ ചിത്രം അറിയാൻ ദേശീയ അന്വേഷണ ഏജൻസികൾ ജയിൽ സൂപ്രണ്ടിനെ ചോദ്യം ചെയ്താൽ മതി. എന്നാൽ ഇക്കാര്യത്തിൽ ജയിൽ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ലെന്ന് കണ്ണൂരിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സുരേന്ദ്രൻ ആരോപിച്ചു.
പൊലീസ് കസ്‌റ്റഡിയിൽ സ്വപ്നയെ വിടാൻ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. അതുകൊണ്ട് സ്വപ്നയെ കസ്റ്റഡിയിൽ വിടരുതെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഇ.ഡി ചോദ്യംചെയ്യാൻ നോട്ടീസ് നൽകുമ്പോൾ സി.എം രവീന്ദ്രൻ ആശുപത്രിയിൽ അഭയം തേടുന്നത് ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയുളള നാടകമാണ്. ഇതിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏജൻസികൾ വിവരം ചോർത്തി തരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സേനാധിപനില്ലാത്ത സൈന്യത്തെ പോലെയാണ് ഇപ്പോൾ എൽഡിഎഫെന്നും മുസ്ലിം വർഗീയവാദികളുടെ തടവറയിലാണ് യുഡിഎഫെന്നും സുരേന്ദ്രൻ ആരോപിച്ചു.