kdr-raja-death
കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാമവർമ്മ രാജ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ പരമാധികാരിയായ ചിറയ്ക്കൽ കോവിലകത്തെ വലിയ തമ്പുരാൻ രാമവർമ്മ രാജ (97) ദിവംഗതനായി. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തൃശൂർ കേരളവർമ്മ കോളേജിനു സമീപത്തെ സ്വവസതിയിലായിരുന്നു അന്ത്യം. തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കാരം നടത്തി.

കൊടുങ്ങല്ലൂർ ചിറയ്ക്കൽ കോവിലകത്ത് കൊഞ്ചുകുട്ടി തമ്പുരാട്ടിയുടെയും തെക്കേടത്ത് കടലായിൽ നാരായണൻ നമ്പൂതിരിയുടെയും മകനാണ് നാരായണൻ രാജയെന്ന രാമവർമ്മരാജ. കൊടുങ്ങല്ലൂർ വലിയ തമ്പുരാനായിരുന്ന കെ.ഗോദവർമ്മ രാജ മരണമടഞ്ഞതിനെ തുടർന്ന് 2012 ലാണ് ഉറച്ച കമ്മ്യൂണിസ്റ്റ് ആശയക്കാരനായ രാമവർമ്മ രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. ഈ പദവിയിൽ തുടർന്നപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കൈവിട്ടിരുന്നില്ല.

കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതിപുരുഷനായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ഭരണിനാളിൽ കൊടുങ്ങല്ലൂർ വലിയ തമ്പുരാനെ കണ്ട് അനുഗ്രഹം വാങ്ങിയശേഷമേ ഭക്തർ തിരിച്ചുപോവുകയുള്ളൂ. 2019ലെ മീനഭരണി മഹോത്സവച്ചടങ്ങുകൾക്കു പങ്കെടുക്കാനാണ് ഒടുവിൽ കൊടുങ്ങല്ലൂരെത്തിയത്. ഭാര്യ: പരേതയായ മംഗള തമ്പുരാട്ടി. ഏകമകൾ: ഐഷ.