vaccine

ന്യൂഡൽഹി: ഇന്ത്യയിൽ മൂന്ന് കൊവിഡ് വാക്സിനുകൾ അടിയന്തര ഉപയോഗത്തിന് പരിഗണിക്കുന്ന കേന്ദ്രസർക്കാർ,​ വാക്സിൻ തണുപ്പിച്ച് സൂക്ഷിക്കാൻ രാജ്യത്താകെ 28,​947കേന്ദ്രങ്ങളും 85,​643 ശീതീകരണ ഉപകരണങ്ങളും സജ്ജമാക്കി. ആദ്യഘട്ടത്തിൽ കുത്തിവയ്‌പ് നൽകുന്ന മുൻഗണനയുള്ള മൂന്ന് കോടി ആളുകൾക്കുള്ള വാക്സിൻ ഇവിടെ സൂക്ഷിക്കാം. കൂടുതൽ ശീതീകരണ ഉപകരണങ്ങളും സിറിഞ്ചുകളും സൂചികളും പരിശീലന സാമഗ്രികളും കേന്ദ്ര സർക്കാർ സംഭരിച്ചു വരികയാണ്. ഇവ ഇന്നു മുതൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.

മുഴുവൻ പൗരന്മാർക്കും കുത്തിവയ്പ് നൽകുമെന്നും ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ വാക്സിനേഷൻ ദൗത്യം ഒരു വർഷം നീണ്ടു നിൽക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

വാക്സിനേഷൻ ഏകോപിപ്പിക്കുന്ന ദേശീയ വിദഗ്ദ്ധ സമിതി മൂന്ന് ഗ്രൂപ്പുകളിലായി 30 കോടി ആളുകൾക്കാണ് മുൻഗണന നൽകിയിട്ടുള്ളത്. ഇവരിൽ ആരോഗ്യപ്രവർത്തകരും മറ്റ് മുൻനിര ജീവനക്കാരും മറ്റ് രോഗങ്ങളുള്ളവരും 50വയസിന് മുകളിലുള്ളവരും ഉൾപ്പെടുന്നു. വാക്സിൻ സപ്ലൈ വർദ്ധിക്കുന്നതിനനുസരിച്ച് മുൻഗണനാ വിഭാഗങ്ങൾക്കൊപ്പം മറ്റ് വിഭാഗങ്ങൾക്കും കുത്തിവയ്പ് നൽകും.

മറ്റ് പ്രതിരോധ കുത്തിവയ്‌പുകളെ ബാധിക്കാതെ ആയിരിക്കും കൊവിഡ് വാക്സിനേഷൻ. കൊവിഡ് കുത്തിവയ്പ് നൽകാനായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സഹകരണത്തോടെ കൂടുതൽ ആളുകളെ (വാക്‌സിനേറ്റർ)​ നിയോഗിക്കും. ഇപ്പോൾ രാജ്യത്ത് വാക്സിനേഷനിൽ പരിചയമുള്ള 2.39 ലക്ഷം ആക്സിലറി നഴ്‌സുമാരും മിഡ്‌വൈ‌ഫുമാരുമാണുള്ളത്. ഇവരിൽ 1.54ലക്ഷം പേരെ കൊവിഡ് വാക്സിനേഷന് നിയോഗിക്കും.

വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് വാക്സിൻ എത്തിക്കുന്നതിന്റെയും കുത്തിവയ്പിന്റെയും അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.


ഏകോപനം ഇങ്ങനെ

 കേന്ദ്രസർക്കാർ

 നാഷണൽ വാക്സിൻ അഡ്മിനിസ്ട്രേഷൻ കമ്മിറ്റി

 സംസ്ഥാനങ്ങളിൽ സ്റ്റിയറിംഗ് കമ്മിറ്റി

 ജില്ലാ,​ ബ്ലോക്ക് തലങ്ങളിൽ ടാസ്‌ക് ഫോഴ്‌സുകൾ

 വാക്സിനേഷൻ തുടങ്ങുന്നതോടെ സംസ്ഥാനങ്ങളിൽ 24 മണിക്കൂർ കൺട്രോൾ റൂം