venice

 50 വർഷത്തിനിടയിൽ ഇത്രയും വലിയ വെള്ളപ്പൊക്കം ഇതാദ്യം

 സെന്റ് മാർക്വസ് ചത്വരത്തിൽ വെള്ളം കയറി

വെനീസ്: ഇറ്റലിയിലെ വെനീസിൽ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം തകരാറിലായതോടെ നഗരം വെള്ളത്തിനടിയിലായി. നഗരത്തിൽ പുതിയതായി സ്ഥാപിച്ച മോസെ സംവിധാനം തകരാറിലായതാണ് കാരണം. വെള്ളപ്പൊക്കതിൽ ഒരാൾ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളം വീട്ടിലേക്ക് കയറി ഇലക്ട്രിക് ഷോക്കേറ്റ് 78കാരനാണ് മരിച്ചു. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 1.87 മീറ്റർ ഉയരത്തിലാണ് തിരമാലകൾ തീരത്തേക്ക് അടിക്കുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇതിന് കാരണമെന്നാണ് ശാസ്ത്ര‌ജ്ഞർ പറയുന്നത്. തിരമാല ഉയർന്നതാണ് വെള്ളപ്പൊക്കമുണ്ടാകാൻ പ്രധാനകാരണം. നഗരത്തിലെ പ്രധാന കേന്ദ്രമായ സെന്റ് മാർക്വസ് ചത്വരത്തിൽ മൂന്നടിയിലേറെ വെള്ളം പൊങ്ങി.

വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതിൽ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരത്തിൽ മോസെ പ്രതിരോധ സംവിധാനം ഒക്ടോബറിൽ സ്ഥാപിച്ചത്. 1966ലാണ് അവസാനമായി ഇത്രയും വലിയ വെള്ളപ്പൊക്കം ഇവിടെ ഉണ്ടായത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വെനീസിന്റെ 80 ശതമാനത്തോളം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെതുടർന്ന് ഇറ്റലിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അഡ്രിയാറ്റിക് കടലിന് കുറുകെയുള്ള വടക്കുകുഴക്കൻ ഭാഗത്ത് വീശുന്ന ശക്തമായ സിറോക്കോ കാറ്റും ഉയർന്ന വേലിയേറ്റവും കൊടുങ്കാറ്റുമാണ് വെനീസിലെ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്. വാട്ടർ ആംബുലൻസ് പ്രവർത്തനത്തിനായി തീരസംരക്ഷണസേന കൂടുതൽ ബോട്ടുകൾ പുറത്തിറക്കി. ഇപ്പോൾ വെള്ളം താഴ്ന്ന് തുടങ്ങിയതായി അധികൃതർ അറിയിച്ചു. അടിയന്തരസാഹചര്യത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മേയർ ലൂയിഗി ബ്രഗ്നാരോ ട്വിറ്ററിലൂടെ അറിയിച്ചു.

പ്രസിദ്ധമായ സെന്റ് മാർക്ക്‌സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകൾ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. സമുദ്രനിരപ്പിൽ നിന്ന് 1.2 മീറ്റർ വെള്ളം മാത്രം ഉയരുകയുള്ളുവെന്നായിരുന്നു പ്രവചനം.

പണിമുടക്കി മോസെ

വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതിൽ നിന്നും വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സംവിധാനമാണ് മോസെ ( മാസീവ് ഫ്ലഡ് ഡിഫൻസ് സിസ്റ്റം)​.ഇത് മൂന്ന് മീറ്റർ ഉയരത്തിൽ വെള്ളം കയറുന്നതിനെ പ്രതിരോധിക്കാൻ കെയ്സണുകളിൽ വെള്ളം നിറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 30 മിനിട്ടിനുള്ളിൽ വെള്ളം നിറയുന്ന രീതിയിലാണ് കെയ്സണുകളുടെ ശൃഘല രൂപകല്പന ചെയ്തിരിക്കുന്നത്.എന്നാൽ ഈ സംവിധാനം പ്രവർത്തികാഞ്ഞതാണ് നിലവിലെ വെള്ളപ്പൊക്കത്തിന് കാരണം.