മുംബയ് : 17-ാം വയസിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 18 വർഷം നീണ്ട കരിയറിൽ ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും ഏതാനും ട്വന്റി-20 മത്സരങ്ങളും 35 കാരനായ പട്ടേൽ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനായി 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.
2002 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ്ഹാമിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാർഥിവ്, 2018ൽ ജൊഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാന മത്സരം കളിച്ചത്. 2003ലായിരുന്നു ഏകദിന അരങ്ങേറ്റം. 2012ൽ ബ്രിസ്ബേനിൽ ശ്രീലങ്കയ്ക്കെതിരെ അവസാന അന്താരാഷ്ട്ര ഏകദിനം കളിച്ചു. 2011 ജൂണിൽ വെസ്റ്റിൻഡീസിനെതിരെ ആദ്യ ട്വന്റി-20 മത്സരവും അതേ വർഷം ആഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അവസാന ട്വന്റി20 മത്സരവും കളിച്ചു. മൂന്നു തവണ ഐപിഎൽ കിരീടം ചൂടിയ ടീമുകളിൽ അംഗമായിരുന്നു.
 ടീമിലെ പയ്യൻ
കൗമാരകാലത്തേ ഇന്ത്യൻ കുപ്പായമണിഞ്ഞ പാർഥിവിന്റെ മുഖത്തെ ശിശുസഹജമായ നിഷ്കളങ്കതയായിരുന്നു ഏറ്റവും വലിയ ആകർഷണീയത.2002ൽ, 17 വർഷവും 153 ദിവസവും പ്രായമുള്ളപ്പോഴാണ് പാർഥിവ് പട്ടേൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവും ഇതോടെ പാർഥിവ് സ്വന്തമാക്കിയിരുന്നു. സച്ചിൻ ടെൻഡുൽക്കർ, പിയൂഷ് ചൗള, എൽ. ശിവരാമകൃഷ്ണൻ എന്നിവർക്കുശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പാർഥിവ് പട്ടേലിനാണ്.
ആദ്യം ഇന്ത്യ, പിന്നെ രഞ്ജി
രഞ്ജി ട്രോഫിയിൽ കളിച്ചശേഷം ദേശീയ ടീമിലെത്തുന്നതാണ് പതിവെങ്കിലും, ഇന്ത്യൻ ജഴ്സിയണിഞ്ഞ് രണ്ടു വർഷവും രണ്ടു മാസവും പിന്നിട്ടപ്പോൾ മാത്രം രഞ്ജി ട്രോഫിയിൽ അരങ്ങേറിയ അപൂർവ ചരിത്രവും പാർഥിവ് പട്ടേലിന് സ്വന്തം. 2002ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. പിന്നീട് ഇന്ത്യ എ ടീമിലും ഇന്ത്യ സീനിയർ ടീമിലും കളിച്ചശേഷമാണ് രഞ്ജി ട്രോഫിയിൽ കളത്തിലിറങ്ങുന്നത്.
കാഴ്ചയിൽ കൊച്ചുകുട്ടിയെപ്പോലെയിരുന്ന പട്ടേൽ ധോണിയുടെ വരവോടെയാണ് വിക്കറ്റ് കീപ്പർ പൊസിഷനിൽ നിന്ന് അപ്രസക്തനായിത്തുടങ്ങിയത്. പിന്നീട് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ഓപ്പണർ റോളിൽ തിരിച്ചുവന്നെങ്കിലും വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ധോണി വിശ്രമിക്കാൻ തീരുമാനിച്ച അപൂർവം അവസരങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പറെന്ന നിലയിൽ പട്ടേൽ ടീമിലെത്തിയത്. 2008ൽ ശ്രീലങ്കൻ പര്യടനത്തിലെ ഒരു ടെസ്റ്റിൽ ഇങ്ങനെ അവസരം ലഭിച്ചു. പിന്നീട് 2011, 2012 വർഷങ്ങളിലായി ഏകദിന മത്സരങ്ങളിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ഏതാനും മത്സരങ്ങളും 2016-18 കാലഘട്ടത്തിൽ അഞ്ച് ടെസ്റ്റുകളും കൂടി കളിച്ചതോടെ അന്താരാഷ്ട്ര കരിയർ പൂർണമായി.
3 ഐ.പി.എൽ കിരീടം 
2010ൽ ചെന്നൈ സൂപ്പർ കിംഗ്സ് ചാംപ്യൻമാരാകുമ്പോഴും 2015, 2017 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ചാംപ്യൻമാരാകുമ്പോഴും പാർഥിവ് കിരീടവിജയത്തിൽ പങ്കാളിയായി. 2017ൽ 395 റൺസടിച്ച് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോററുമായിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നിരയിൽ ഉണ്ടായിരുന്നെങ്കിലും കോവിഡ് നിമിത്തം യുഎഇയിലേക്ക് മാറ്റിയ 13-ാം സീസണിൽ ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാനായില്ല. ആർ.സി.ബി, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്കു പുറമെ ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കായും കളിച്ചു.
ഗുജറാത്തിന്റെ 
ക്യാപ്ടൻ കൂൾ
ആഭ്യന്തര ക്രിക്കറ്റിൽ വലിയ വിജയങ്ങൾ സ്വന്തമാക്കിയ താരവും ക്യാപ്ടനുമാണ് പാർഥിവ് പട്ടേൽ.2012/13 സീസണിൽ സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ ഗുജറാത്തിനെ ജേതാക്കളാക്കി. 2015ൽ ഗുജറാത്ത് വിജയ് ഹസാരെ ട്രോഫിയിൽ കിരീടം ചൂടിയതും പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിലാണ്. അന്ന് ഫൈനലിൽ ഡൽഹിക്കെതിരെ പട്ടേൽ സെഞ്ചുറി നേടിയിരുന്നു. തൊട്ടടുത്ത സീസണിൽ രഞ്ജി ട്രോഫി ഫൈനലിൽ ഗുജറാത്ത് റെക്കോർഡ് റൺചേസുമായി രഞ്ജി ട്രോഫി കിരീടം ചൂടിയപ്പോഴും സെഞ്ചുറിയുമായി പാർഥിവ് കരുത്തുകാട്ടി.