
വാഷിംഗ്ഡൺ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ പ്രധാനമന്ത്രിയും ഗവൺമെന്റും സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്പന്നനുമായ ബിൽഗേറ്റ്സ്. തന്റെ അഭിനന്ദനം അറിയിച്ച് ബിൽഗേറ്റ്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മോദിയുടെ നേതൃപാടവം പ്രശംസനീയമാണെന്ന് ബിൽഗേറ്റ്സിന്റ കത്തിൽ പറയുന്നു. ഇന്ത്യയിൽ കൊവിഡ് വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി അങ്ങയും അങ്ങയുടെ ഗവൺമെന്റും സ്വീകരിച്ചുവരുന്ന നടപടികൾ പ്രശംസനീയമാണ്. ഇതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ, ഐസൊലേഷൻ, ക്വാറന്റൈൻ തുടങ്ങിയ മാർഗങ്ങൾ, ആരോഗ്യമേഖലയിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ തുടങ്ങിയവയെല്ലാം തന്നെ അഭിനന്ദനമർഹിക്കുന്നതാണെന്ന് കത്തിൽ ബിൽഗേറ്റ്സ് സൂചിപ്പിക്കുന്നു. കൊവിഡ് പ്രതിരോധത്തിന് ഡിജിറ്രൽ പ്ളാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തുന്നതിലും ബിൽഗേറ്റസ് സന്തുഷ്‌ടി പ്രകടിപ്പിച്ചു. കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ളിക്കേഷനായ ആരോഗ്യസേതുവിന്റെ പേര് അദ്ദേഹം കത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുമുണ്ട്.