
ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണ കക്ഷിയായ കോൺഗ്രസിനെ പിന്നിലാക്കി, ബി.ജെ.പിയുടെ മുന്നേറ്റം. പഞ്ചായത്ത് സമിതികളിൽ ആകെയുള്ള 4371 സീറ്റിൽ 1835 സീറ്റുകൾ ബി.ജെ.പി നേടി. കോൺഗ്രസ് 1,718 സീറ്റിൽ വിജയിച്ചു. സി.പി.എം 16 സീറ്റും സ്വതന്ത്രർ 422 സീറ്റും നേടി.
വോട്ടെടുപ്പ് നടന്ന 21 ജില്ലാ പഞ്ചായത്തുകളിൽ 11 എണ്ണത്തിന്റെ ഭരണവും ബി.ജെ.പി തനിച്ചു നേടി. സഖ്യകക്ഷിയായ ആർ.എൽ.പി നഗോർ, ബാമർ ജില്ലയിൽ നേടിയ 10 സീറ്റ് ചേരുമ്പോൾ 13 ജില്ലകളുടെ ഭരണം ബി.ജെ.പിക്കാകും. കോൺഗ്രസ് അഞ്ച് ജില്ലകളിലെ ഭരണം നിലനിറുത്തി.
ജില്ലാ പരിഷത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 636 സീറ്റുകളിൽ 635ന്റെ ഫലം പുറത്തുവന്നു. ബി.ജെ.പി 353 സീറ്റുകൾ നേടി. കോൺഗ്രസിന് 252 സീറ്റുകളാണ് ലഭിച്ചത്. സി.പി.എം രണ്ട്, സ്വതന്ത്രർ 18 സീറ്റുകളും നേടി.
നവംബർ 23, 27, ഡിസംബർ 1, 5 തീയതികളിലായാണ് വോട്ടെടുപ്പ് നടന്നത്.
നരേന്ദ്ര മോദിയിൽ പാവങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കുമുള്ള വിശ്വാസത്തിന്റെ അടയാളമാണ് വിജയമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദ ട്വീറ്റ് ചെയ്തു. ബി.ജെ.പി മുൻ നേതാവ് ഹനുമാൻ ബേനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്കും (ആർ.എൽ.പി) മികച്ച നേട്ടം ലഭിച്ചിട്ടുണ്ട്.
അടുത്തിടെ ആറു മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിലും കോൺഗ്രസിനായിരുന്നു വിജയം. ഇക്കുറി മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള രൂക്ഷമായ പോരാട്ടമാണു കോൺഗ്രസിനു വിനയായതെന്നാണ് വിലയിരുത്തൽ.