netflix

ഒടിടി പ്ലാറ്റുഫോമുകള്‍ക്കിടയില്‍ ഒന്നാമനാവുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്‌സ് കഴിഞ്ഞ ശനി, ഞായര്‍ (ഡിസംബര്‍ 5,6) ദിവസങ്ങളിലാണ് സ്ട്രീംഫെസ്റ്റ് ഒരുക്കിയത്. ഈ രണ്ട് ദിവസം നെറ്റ്ഫ്ലിക്‌സിലെ വീഡിയോകള്‍ സൗജന്യമായി കാണാം എന്നുള്ളതായിരുന്നു ആകര്‍ഷണം. അതെസമയം, ഈ രണ്ട് ദിവസം നെറ്റ്ഫ്ലിക്‌സ് വീഡിയോകള്‍ ഫ്രീയായി കാണാന്‍ വിട്ട് പോയോ? വിഷമിക്കേണ്ട. സ്ട്രീംഫെസ്റ്റുമായി വീണ്ടും എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്‌സ്.

ഇന്ന് (ഡിസംബര്‍ 9, ബുധന്‍) കാലത്ത് 9 മണി മുതല്‍ 11-ാം തീയതി കാലത്ത് 8:59 വരെയാണ് സ്ട്രീംഫെസ്റ്റ് 2.0-യ്ക്കുള്ള സമയം. ഇത് സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്‌ഡേയ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷനില്‍ മാത്രമേ സ്ട്രീംഫെസ്റ്റില്‍ വീഡിയോകള്‍ കാണാന്‍ സാധിക്കൂ. ബാക്കി എല്ലാം നെറ്റ്ഫ്ലിക്‌സിന്റെ അടിസ്ഥാന പാക്ക് ആയ 499-ന് സമാനമാണ്. മൈ ലിസ്റ്റ് തയ്യാറാക്കാനും, കണ്‍ട്രോളുകളില്‍ മാറ്റം വരുത്താനും, ഭാഷ ക്രമീകരണത്തില്‍ മാറ്റം വരുത്താനും, സബ്‌ടൈറ്റിലുകള്‍ തിരഞ്ഞെടുക്കാനും നെറ്റ്ഫ്ലിക്‌സ് സ്ട്രീംഫെസ്റ്റിന്റെ സമയത്ത് സാധിക്കും.

ആന്‍ഡ്രോയിഡ്, ഐഫോണ്‍, സ്മാര്‍ട്ട് ടിവി, ഗെയിമിംഗ് കണ്‍സോള്‍ എന്നിങ്ങനെ വിവിധ മാദ്ധ്യമങ്ങളിലൂടെ നെറ്റ്ഫ്ലിക്‌സ് വീഡിയോകള്‍ കാണാന്‍ സ്ട്രീംഫെസ്റ്റ് സൗകര്യം ഒരുക്കുന്നുണ്ട്. Netflix.com/StreamFest ലിങ്ക് വഴിയാണ് നെറ്റ്ഫ്ലിക്‌സ് സ്ട്രീംഫെസ്റ്റിനായി സൈന്‍ അപ്പ് ചെയ്യേണ്ടത്. സാധാരണഗതിയില്‍ സൗജന്യ സേവനം എന്ന് പറഞ്ഞാലും ഉപഭോക്താവിന്റെ കാര്‍ഡ്/നെറ്റ് ബാങ്കിങ് വിവരങ്ങള്‍ തേടുന്ന പതിവ് പല്ലവി സ്ട്രീംഫെസ്റ്റിലില്ല എന്ന് നെറ്റ്ഫ്ലിക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ പേര്, മേല്‍വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, ഒരു പാസ്സ്വേര്‍ഡ് എന്നിവ മാത്രം നല്‍കിയാല്‍ മതിയാകും. മുന്‍പ് നെറ്റ്ഫ്ലിക്‌സ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീംഫെസ്റ്റിലെ വീഡിയോകള്‍ കാണാന്‍ സൈന്‍ ഇന്‍ ചെയ്താല്‍ മാത്രം മതി.

നെറ്റ്ഫ്ലിക്‌സ് സ്ട്രീംഫെസ്റ്റ് 1.0

ശനി, ഞായര്‍ (ഡിസംബര്‍ 5,6) ദിവസങ്ങളിലായി ഒരുക്കിയ നെറ്റ്ഫ്ലിക്‌സ് സ്ട്രീംഫെസ്റ്റിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്. അനലിറ്റിക്‌സ് കമ്പനി ആപ്പ്‌ടോപിയയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 8 ലക്ഷം നെറ്റ്ഫ്‌ലിക്‌സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡുകളാണ് സ്ട്രീംഫെസ്റ്റ് ദിവസങ്ങളില്‍ ഇന്ത്യയില്‍ നടന്നത്. ഇതില്‍ എത്രപേര്‍ സൗജന്യ കാലാവധിക്ക് ശേഷം നെറ്റ്ഫ്ലിക്‌സ് സബ്‌സ്‌ക്രൈബ് ചെയ്യും എന്ന് വ്യക്തമല്ല എങ്കിലും തൊട്ടു മുന്‍പത്തെ ആഴ്ചയേക്കാള്‍ ആപ്പ് ഡൗണ്‍ലോഡിങ്ങില്‍ സ്ട്രീംഫെസ്റ്റ് ദിവസങ്ങളില്‍ 2570 ശതമാനം ആണ് വര്‍ദ്ധനയുണ്ടായത്.