
വാഷിംഗ്ഡൺ: പെൻസിൽവേനിയയിലെ തിരഞ്ഞെട്പ്പ് ഫലത്തിനെതിരെ ഡൊണാൾഡ് ട്രംപ് നൽകിയ അപ്പീൽ യു.എസ്. കോടതി തള്ളി. തിരഞ്ഞെടുപ്പ് ഫലം ശരിവച്ചുകൊണ്ടാണ് കോടതി തീരുമാനം. തിരഞ്ഞെടുപ്പിന് ശേഷമുള്ള വ്യവഹാരങ്ങളിൽ കോടതിക്ക് ഇടപെടാൻ താത്പര്യമില്ലാത്തതാണ് ഇതിന് കാരണമെന്നും വ്യാഘ്യാനമുണ്ട്. എന്നാൽ കോടതി ഇതുവരെ തീരുമാനം വിശദീകരിച്ചിട്ടുമില്ല. കൂടാതെ ട്രംപ് നിയമിച്ച് മൂന്ന് ജസ്റ്റിസുമാരുൾപ്പടെയുള്ള ഒൻപതപേരും കോടതിയുടെ നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ട്രംപ് തയാറായിട്ടില്ല. അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വോട്ടെണ്ണലിൽ കൃത്രിമം നടന്നതായുളള ആരോപണവും ട്രംപ് ഉന്നയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും കൃത്രിമം നടന്നതായി ആരോപിച്ച് ട്രംപും അനുകൂലികളും ഒരു ഡസനോളം കേസുകളാണ് സംസ്ഥാനങ്ങളിലെ കോടതികളിൽ ഫയൽ ചെയ്തിരുന്നു.
അതിലൊന്നാണ് പെൻസിൽവേനിയയിലെ തപാൽ വോട്ടുകളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് കൊണ്ട് മൈക്ക് കെല്ലി നൽകിയ പരാതി. നാലുവർഷങ്ങൾക്ക് മുമ്പ് ട്രംപ് വിജയക്കൊടി പാറിച്ച പെൻസിൽവേനിയ ഇത്തവണ തുണച്ചത് ബൈഡനെയായിരുന്നു.
എന്നാൽ കേസ് കോടതി തള്ളിയതോടെയാണ് നീതി തേടി യുഎസിന്റെ പരമോന്നതനീതിപീഠത്തിലേക്ക് ട്രംപ് എത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിർത്തിവെക്കണമെന്ന് കോടതിയോട് ട്രംപ് വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോടതി തനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടൽ.