mamooty-and-manju-warrior

കൊച്ചിയിലെ വീട്ടിലുള്ള മെഗാ താരം മമ്മൂട്ടി പനമ്പിള്ളിനഗറിലെ സ്കൂളിൽ വോട്ട് ചെയ്യും. ചെന്നൈയിലായതിനാൽ മകൻ ദുൽഖർ സൽമാന് വോട്ട് ചെയ്യാനാവില്ല.

ദിലീപ് ആലുവ ദേശീയപാതയുടെ ഓഫീസിലെ ബൂത്തിൽ വോട്ട് ചെയ്യും. നിവിൻ പോളിക്ക് ആലുവ തോട്ടയ്ക്കാട്ടുകരയിലെ ബൂത്തിലാണ് വോട്ട്.അതേ സമയം മഞ്ജു വാര്യർ അമ്മയോടൊപ്പം രാവിലെ എഴിന് പുള്ള് ഗവൺമെന്റ് എൽ.പി സ്കൂളിൽ വോട്ട് ചെയ്യും.
ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. രാവിലെ എട്ടിന് ഭാര്യ ആലീസും മകനും മരുമകൾക്കും ഒപ്പം ബൂത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാട്ടെ ഗവൺമെന്റ് എൽ.പി സ്കൂളിൽ രാവിലെ പത്തിന് വോട്ട് രേഖപ്പെടുത്തും.അതേ സമയം ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ അയ്യപ്പൻ. എറണാകുളം ചക്കരപറമ്പിലാണ് സാനിയ തന്റെ കന്നി വോട്ട് രേഖപ്പെടുത്തുന്നത്.

നേതാക്കൾ

രാവിലെ വോട്ട്

ചെയ്യും

കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാവിലെ പുതുപ്പള്ളി പഞ്ചായത്ത് പതിനാറാം വാർഡ് ഒന്നാം നമ്പർ ബൂത്തായ ജോർജിയൻ പബ്ളിക് സ്‌കൂളിൽ കുടംബ സമേതം വോട്ട് ചെയ്യാനെത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വയസ്‌കരയിലെ ഗവ.മോഡൽ സ്‌കൂളിലാണ് വോട്ട് . എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂൾ ബൂത്തിലും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനും ആർച്ച് ബിഷപ് എമിരിറ്റസ് മാർ ജോസഫ് പൗവത്തിലിനും അസംപ്ഷൻ കോളേജിലെ ബൂത്തിലുമാണ് വോട്ട്.

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പാലാ അരുണാപുരം അൽഫോൻസാ കോളേജ് ബൂത്തിൽ വോട്ട് ചെയ്യും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ കുടയംപടി എസ്.എൻ.ഡി.പിയിലെ ബൂത്തിലാണ് വോട്ട് ചെയ്യുന്നത്.

തൃശൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ കേരളവർമ്മ കോളേജിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. രാവിലെ ഒമ്പതോടെ അദ്ദേഹം ഭാര്യ ഡോ. ആർ. ബിന്ദുവിനൊപ്പമെത്തി വോട്ട് ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥിനും കേരളവർമ്മയിലാണ് വോട്ട്.

മന്ത്രി വി.എസ്. സുനിൽകുമാർ അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മുറ്റിച്ചൂർ എൽ.പി സ്‌കൂളിലും മന്ത്രി എ.സി. മൊയ്തീൻ പനങ്ങാട്ടുകര എം.എൻ.ഡി.എൽ.പി സ്‌കൂളിലും വോട്ട് ചെയ്യും.

കൊച്ചിയിൽ കൊവിഡ് ബാധിതരായ മുൻകേന്ദ്രമന്ത്രി കെ.വി. തോമസും ബെന്നി ബഹനാൻ എം.പിയും തപാൽ വോട്ട് ചെയ്തു. മറ്റു നേതാക്കളും പ്രമുഖരും ബൂത്തിലെത്തി വോട്ട് ചെയ്യും. സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ എറണാകുളം സെന്റ് മേരീസ് സ്കൂളിൽ രാവിലെ വോട്ട് ചെയ്യും.