
നൗ ക്യമ്പിലെത്തി ബാഴ്സലോണയെ തോൽപ്പിച്ച് യുവന്റസ്
ലെയ്പ്സിഗിനോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്
മാഡ്രിഡ് : ക്രിസ്റ്റ്യാനോ ഇല്ലാതിരുന്ന സമയത്ത് തങ്ങളുടെ ഹോം ഗ്രൗണ്ടിലെത്തി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്ന സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കൂട്ടി അവരുടെ തട്ടകത്തിലെത്തി ചുട്ട മറുപടി നൽകി ഇറ്റാലിയൻ ക്ളബ് യുവന്റസ്. കഴിഞ്ഞ രാത്രി ബാഴ്സയുടെ കളി മുറ്റമായ നൗ ക്യാമ്പിലെത്തി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മെസിയെയും കൂട്ടരെയും തോൽപ്പിച്ച ക്രിസ്റ്റ്യാനോയും സംഘവും ബാഴ്സയുടെ കയ്യിലിരുന്ന ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനവും പിടിച്ചെടുത്താണ് പ്രാഥമിക റൗണ്ട് ഫിനിഷ് ചെയ്തത്.2016നുശേഷം ഇതാദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബാർസ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗയിൽ കാഡിസിനോട് തോറ്റതിന് പിന്നാലെയുള്ള തോൽവി ബാഴ്സലോണയുടെ അടി തെറ്റിച്ചിട്ടുണ്ട്.
2018ൽ റയൽ മാഡ്രിഡ് വിട്ടശേഷം ആദ്യമായി ബാഴ്സലോണയുടെ തട്ടകത്തിലെത്തുകയും ഇരട്ടഗോളുകളുമായി മിന്നിത്തിളങ്ങുകയും ചെയ്ത ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് ബാഴ്സയുടെ അന്തകനായത്. മത്സരത്തിന്റെ ഇരുപകുതികളിലുമായി (13, 52) പെനാൽട്ടിയിൽനിന്നായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.അമേരിക്കൻ താരം വെസ്റ്റൺ മക്കനി (20) മൂന്നാം ഗോൾ നേടി.
ഇരുടീമുകളും തമ്മിലുള്ള ആദ്യ പാദ മത്സരത്തിൽ കൊവിഡ് ബാധിതനായിരുന്നതിനെത്തുടർന്നാണ് റൊണാൾഡോ കളിക്കാതിരുന്നത്. ഇരു ടീമുകൾക്കും ആറു മത്സരങ്ങളിൽനിന്ന് 15 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾശരാശരിയുടെ മികവിലാണ് യുവെന്റസ് ഒന്നാം സ്ഥാനക്കാരായത്. ഗ്രൂപ്പിൽ നാലു പോയിന്റുള്ള ഡൈനാമോ കീവും ഫെറെങ്ക്‌വാറോസും പുറത്തായി.
വഴിമാറിയ റെക്കാഡുകൾ
4
വർഷത്തിന് ശേഷം ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്റൗണ്ടിൽ വഴങ്ങിയ ആദ്യ തോൽവി.
2
ബാഴ്സലോണയ്ക്കെതിരെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ട് പെനാൽറ്റികൾ ഗോളാക്കുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ
5
ബാഴ്സലോണയ്ക്ക് എതിരായ കഴിഞ്ഞ അഞ്ച് യൂറോപ്യൻ മത്സരങ്ങളിൽ ഗോളടിക്കാൻ ക്രിസറ്റ്യാനോയ്ക്ക് കഴിഞ്ഞിരുന്നില്ല.
2006-07
സീസണിന് ശേഷം ആദ്യമായാണ് ബാഴ്സയ്ക്ക് ഗ്രൂപ്പ് റൗണ്ടിൽ ഒന്നാംസ്ഥാനം നേടാൻ കഴിയാതെ പോകുന്നത്.
7
ഷോട്ടുകളാണ് മെസി ഇന്നലെ വല ലക്ഷ്യമാക്കി തൊടുത്തത്.ഒന്നുപോലും ഗോളായില്ല.
മറിഞ്ഞു പോയ മാഞ്ചസ്റ്റർ
ഗ്രൂപ്പ് എച്ചിൽ ജർമൻ ക്ലബ് ആർബി ലെയ്പ്സിഗിനോട് തോറ്റ ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ട് കാണാതെ പുറത്തായി. സമനില നേടിയാൽപ്പോലും നോക്കൗട്ടിലെത്തുമായിരുന്ന യുണൈറ്റഡ്, രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ലെയ്പ്സിഗിനോട് തോറ്റത്. ഒരു ഘട്ടത്തിൽ 3–0ന് മുന്നിലായിരുന്ന ലെയ്പ്സിഗിനെതിരെ രണ്ടു ഗോളടിച്ച് യുണൈറ്റഡ് തിരിച്ചുവന്നെങ്കിലും, വൈകിപ്പോയിരുന്നു. എയ്ഞ്ചലീനോ (രണ്ട്), അമദൗ ഹൈദര (20), ജസ്റ്റിൻ ക്ലുയ്‌വെർട്ട് (69) എന്നിവരാണ് ലെയ്പ്സിഗിനായി ലക്ഷ്യം കണ്ടത്. 80-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളും 82 –ാം മിനിട്ടിലെ ഇബ്രാഹിമ കൊനാട്ടെയുടെ സെൽഫ് ഗോളുമാണ് യുണൈറ്റഡിന് ലഭിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിയോടെ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജി ഗ്രൂപ്പ് എച്ചിൽനിന്ന് നോക്കൗട്ടിലെത്തി. ആറു കളികളിൽനിന്ന് 12 പോയിന്റുള്ള ലെയ്പ്സിഗാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.
മറ്റു മത്സരങ്ങളിൽ ഗ്രൂപ്പ് എഫിൽ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെ തോൽപ്പിച്ച് ബൊറൂസിയ ഡോർഡ്മുണ്ട് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡോർട്മുണ്ടിന്റെ വിജയം. ഇതേ ഗ്രൂപ്പിൽ ബൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഗയെ സമനിലയിൽ (2–2) തളച്ച് ലാസിയോയും നോക്കൗട്ടിലേക്ക് മുന്നേറി.
ഗ്രൂപ്പ് ഇയിൽ റഷ്യൻ ക്ലബ് എഫ്കെ ക്രാസ്നൊദാറുമായി സമനിലയിൽ പിരിഞ്ഞെങ്കിലും ഇംഗ്ലിഷ് ക്ലബ് ചെൽസി ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്. ഫ്രഞ്ച് ക്ലബ് സ്റ്റാഡ് റെന്നൈയെ തോൽപ്പിച്ച് സ്പെയിനിൽനിന്നുള്ള സെവിയ്യ രണ്ടാം സ്ഥാനക്കാരായും നോക്കൗട്ടിലെത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സെവിയ്യയുടെ വിജയം.
മത്സരഫലങ്ങൾ
യുവന്റസ് 3-ബാഴ്സലോണ 0
ലാസിയോ 2-2 ക്ളബ് ബ്രുഗെ
ബൊറൂഷ്യ 2- സെനിത്ത് 1
ചെൽസി 1-ക്രാസ്നോദർ 1
ഡൈനമോ കീവ് 1-ഫെറെങ്ക്‌വാറോസ് 0
ലെയ്പ്സിഗ് 3-മാൻ.യുണൈറ്റഡ് 2
സെവിയ്യ 3-1 റെന്നൈ