 
മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ വമ്പൻ സ്രാവുകളെ വലയിലാക്കി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. മുംബയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിതരണക്കാരിലൊരാളായ റീഗെൽ മഹാക്കലിനെ എൻ.സി.ബി സംഘം ഇന്നലെ അറസ്റ്റ് ചെയ്തു. ഏറെക്കാലമായി ഇയാളെ തിരഞ്ഞ് നടക്കുകയായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് അന്ധേരിയിലെ ലോഖന്ധ് വാലയിൽ നടത്തിയ റെയ്ഡിൽ മൂന്ന് കോടിയുടെ ലഹരിമരുന്നുകളും 16 ലക്ഷം രൂപയും പിടിച്ചെടുത്തു.
മുംബയിൽ മൂന്നിടത്താണ് ഇന്നലെ എൻ.സി.ബിയുടെ റെയ്ഡ് നടന്നത്. ഇതിൽ അസം ഷെയ്ഖ് ജുമാൻ എന്നയാളുടെ അന്ധേരിയിലെ താമസസ്ഥലത്തുനിന്ന് രണ്ടരക്കോടി വിലവരുന്ന അഞ്ച് കിലോ മലാന ക്രീമും (ഹാഷിഷ്) ലഹരിഗുളികകളും കഞ്ചാവും പിടിച്ചെടുത്തത്. മഹാക്കൽ ഉൾപ്പെട്ട ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയാണ് അസം ഷെയ്ഖ് ജുമാൻ. ഇരുവർക്കും പുറമേ മൂന്നാമതൊരാളെ കൂടി എൻ.സി.ബി സംഘം പിടികൂടി ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇയാൾ ഉന്നതരുമായി ബന്ധമുള്ള ആളാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായവരിൽ നിന്നാണ് വൻ ലഹരിമരുന്ന് സംഘങ്ങളിലേക്ക് അന്വേഷണം നീണ്ടത്. സുശാന്തിന്റെ കേസിൽ നേരത്തെ അറസ്റ്റിലായ അനൂജ് കേശ്വാനിക്ക് ലഹരിമരുന്ന് നൽകിയത് റീഗെൽ മഹാക്കലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേശ്വാനിയാണ് കൈസാൻ എന്നയാൾക്ക് ലഹരിമരുന്ന് കൈമാറിയിരുന്നത്. ഇയാൾ മുഖേനെയാണ് റിയ ചക്രവർത്തിയും സഹോദരൻ ഷോവിക് ചക്രവർത്തിയും സുശാന്തിന് മയക്കുമരുന്ന് എത്തിച്ചിരുന്നത്. കൈസാനെയും മറ്റുള്ളവരെയും നേരത്തെ പിടികൂടിയിരുന്നു.