
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ നിശ്ചയിച്ചുറപ്പിച്ചപോലെ പോളിംഗ് ബൂത്തിലെത്താൻ വോട്ടർമാർ ആവേശം കാട്ടിയത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടവേ, രണ്ടാം ഘട്ട പോളിംഗിലേക്ക് ഇന്ന് മദ്ധ്യകേരളവും പാലക്കാട്, വയനാട് ജില്ലകളും കടക്കുന്നു. കൊവിഡ് പരിമിതികളെ മറികടന്ന് തെക്കൻ ജില്ലകളിലുണ്ടായ ആവേശം പ്രതീക്ഷയും ആശങ്കയും ഒരുപോലെ മുന്നണികളിൽ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ രണ്ടാംഘട്ടത്തിൽ പോളിംഗ് ശതമാനം എത്രയാകുമെന്ന ആകാംക്ഷയും ശക്തം.
അപവാദ പ്രചാരണങ്ങളെയെല്ലാം മറികടന്ന് ജനം വികസന മുദ്രാവാക്യത്തെ പുൽകുമെന്ന് പ്രതീക്ഷിക്കുന്ന ഇടതുമുന്നണി കഴിഞ്ഞ തവണത്തേക്കാൾ പ്രകടനം മികച്ചതാകുമെന്നാണ് അവകാശപ്പെടുന്നത്. ആരോപണങ്ങളുടെ കുത്തൊഴുക്കിൽ ഉഴലുന്ന ഭരണമുന്നണിക്കെതിരായ വികാരം പ്രകടമായെന്ന് വിശ്വസിക്കുന്ന യു.ഡി.എഫാകട്ടെ 2015ൽ പോയ്പ്പോയ പ്രതാപം വീണ്ടെടുക്കുമെന്ന് അവകാശപ്പെടുന്നു. തലസ്ഥാന കോർപറേഷനിലെ പ്രതീക്ഷകൾക്ക് വോട്ടെടുപ്പോടെ കൂടുതൽ ജീവൻവച്ചെന്ന് അവകാശപ്പെടുന്ന ബി.ജെ.പി അട്ടിമറികളാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുന്നതിനിടെ കയറിവന്ന പുതിയ രാഷ്ട്രീയ വിവാദങ്ങളുടെ അസ്വസ്ഥതകൾ ഇടതുമുന്നണിയെ അലട്ടാതില്ല. ജീവനു തന്നെ ഭീഷണിയെന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയും വീണ്ടും ചോദ്യം ചെയ്യലിന് ഇ.ഡിയുടെ നോട്ടീസ് ലഭിച്ച സി.എം. രവീന്ദ്രന്റെ ആശുപത്രിപ്രവേശനവും ഡോളർ കടത്തിൽ ഉന്നതന് പങ്കെന്ന ആക്ഷേപം സൃഷ്ടിക്കുന്ന പുകമറയുമെല്ലാമാണ് ഇടതുമുന്നണിക്കെതിരെ എതിരാളികളുടെ ആയുധം. കെ-റെയിലിന് ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് മദ്ധ്യ തിരുവിതാംകൂറിലും മലബാറിലുമുയരുന്ന അസ്വസ്ഥതകൾ രണ്ടാംഘട്ട വോട്ടെടുപ്പിൽ മുതലെടുക്കുകയെന്ന തന്ത്രവും യു.ഡി.എഫ് പയറ്റുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളെയും സർക്കാരിന്റെ വികസന നേട്ടങ്ങളെ തകർക്കാനുള്ള നീക്കങ്ങളെയും തുറന്നുകാട്ടാൻ സാധിച്ചുവെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. പല പല ആരോപണങ്ങളുയർത്തിയുള്ള രാഷ്ട്രീയപ്പുകമറ സൃഷ്ടിക്കൽ മാത്രമാണ് നടക്കുന്നതെന്നും സ്വർണക്കടത്ത് കേസന്വേഷണത്തിൽ നാളേറെയായിട്ടും ഒരു വഴിത്തിരിവുണ്ടാക്കാനാകാത്ത ഏജൻസികളിൽ ജനം സംശയിച്ച് തുടങ്ങിയെന്നുമാണ് ഇടതുകേന്ദ്രങ്ങൾ പറയുന്നത്. പ്രതിപക്ഷമുയർത്തുന്നത് ആരോപണങ്ങൾ മാത്രം, എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ടനുഭവവേദ്യമായത് - ഇതാണ് വിശ്വാസത്തിന് ബലമേകുന്ന ഘടകം.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും കഴിഞ്ഞ തവണത്തേതിലും നേട്ടം മികച്ചതാകുമെന്നാണ് ഇടതു കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. ജോസ് കെ.മാണിയുടെ വരവടക്കം ഇതിലൊരു ഘടകമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, കോട്ടയത്തും എറണാകുളത്തും തൃശൂരിലും വയനാട്ടിലും യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിളങ്ങിയ പാലക്കാട്ടും യു.ഡി.എഫ് നേട്ടം പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പി പ്രതീക്ഷ വാനോളമുള്ള തൃശൂരും പാലക്കാട്ടും വോട്ടെടുപ്പ് ഇന്നായതിനാൽ ബി.ജെ.പി ക്യാമ്പും അതീവഗൗരവത്തോടെയാണ് പോളിംഗിനെ ഉറ്റുനോക്കുന്നത്. തൃശൂർ കോർപറേഷനിലും പാലക്കാട്ടും തികഞ്ഞ പ്രതീക്ഷയവർ പങ്കുവയ്ക്കുന്നു.