
ജറുസലം: അന്യഗ്രഹജീവികൾ ഉണ്ടെന്നും ഇവയുമായി ഭൂമിയിൽ നിന്നും ബന്ധമുണ്ടെന്നും ഉള്ള കാര്യം ട്രംപിന് അറിയാമെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബഹിരാകാശ ഡയറക്ടറേറ്റിന്റെ മുൻ മേധാവി ഹെയിം ഇഷെദ് പറഞ്ഞു. അന്യഗ്രഹജീവികൾ മനുഷ്യരെക്കുറിച്ച് പഠിക്കാൻ കാത്തിരിക്കുകയാണെന്നും പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് അവർ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും മനുഷ്യരും അന്യഗ്രഹജീവികളും തമ്മിൽ സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഹീബ്രു ഭാഷയിൽ പുറത്തിറക്കിയ അഭിമുഖത്തിന്റെ ഇംഗ്ലിഷ് പരിഭാഷ ചൊവ്വാഴ്ചയാണ് ജറുസലം പോസ്റ്റ് മാധ്യമം പുറത്തുവിട്ടത്. അതേസമയം, ഇക്കാര്യത്തോടു പ്രതികരിക്കാൻ വൈറ്റ് ഹൗസോ ഇസ്രയേൽ ഉദ്യോഗസ്ഥരോ തയാറായില്ല. പെന്റഗൺ വക്താവ് സൂയി ഗൗ പ്രതികരിക്കാൻ വിസമ്മതിച്ചു. നാസയുടെ പ്രധാന ലക്ഷ്യം പ്രപഞ്ചത്തിനു പുറത്തു ജീവനുണ്ടോ എന്ന് അന്വേഷിക്കലാണെന്നും ഇതുവരെ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.
‘ഞങ്ങളിവിടെയുണ്ടെന്ന് ഇപ്പോൾ പുറത്തു വിടരുതെന്നാണ് പറക്കുംതളികകൾ ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യകുലം ആ വാർത്ത സ്വീകരിക്കാൻ ഇപ്പോൾ തയാറായിട്ടില്ല. താൻ ഇപ്പോൾ പറഞ്ഞ കാര്യം അഞ്ച് വർഷങ്ങൾക്കു മുൻപാണ് പറഞ്ഞിരുന്നതെങ്കിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചേനെ. ആളുകളിൽ മാറ്റം കണ്ടു തുടങ്ങിയതു കൊണ്ടാണ് ഇപ്പോൾ ഇതേക്കുറിച്ചു പുറത്തു പറയുന്നത്.’– ഇഷെദ് പറഞ്ഞു. ഇസ്രയേൽ പത്രമായ യെദിയത്ത് അഹാരോനോട്ടിനു നൽകിയ അഭിമുഖത്തിലാണ് ഇഷെദ് ഈ വിവരം പറഞ്ഞത്.
ബഹിരാകാശ പോരാട്ടങ്ങളിൽ പങ്കെടുക്കാനായി പൂർണ സജ്ജരായ പെന്റഗൺ സേനയെ – സ്പേസ് ഫോഴ്സ് – യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു. ഏഴു ദശകങ്ങൾക്കുള്ളിൽ രൂപീകൃതമാകുന്ന ആദ്യ സൈനിക സേവന വിഭാഗമാണിത്. പ്രതിരോധത്തിന്റെയും കുറ്റകൃത്യത്തിന്റെയും ഭാവി ഇനി ബഹിരാകാശമാണെന്നു ട്രംപ് പറഞ്ഞിരുന്നു.