jp-nadha

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും മുഖ്യമന്ത്രി മമത ബാനർജി അസഹിഷ്ണുതയുടെ പര്യായമാണെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ.

പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു നദ്ദ.

'കൊവിഡ് വ്യാപനത്തിനിടെ അവർ ഈദ് ആഘോഷത്തിന് അനുമതി നൽകി. ഞങ്ങൾ അതിന് എതിരല്ല. എന്നാൽ റാം മന്ദിർ ശിലാസ്ഥാപന ദിവസം അവർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്തിനാണ്.' നദ്ദ ചോദിച്ചു.

പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിനെ പുറത്താക്കി 200 ലധികം സീറ്റുകൾനേടി ബി.ജെ.പി അധികാരം പിടിക്കുമെന്നും നദ്ദ പറഞ്ഞു.

ഒമ്പത് ബി.ജെ.പി ഓഫീസുകൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മമതയുടെ വസതിക്ക് സമീപമുള്ള കാളീഘട്ട് പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണത്തിനും ബുധനാഴ്ച നദ്ദ തുടക്കം കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് പ്രചാരണം. നദ്ദയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ബി.ജെ.പി ഭാരവാഹികളുടെ രഹസ്യ യോഗവും കൊൽക്കത്തയിൽ നടന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ, വൈസ് പ്രസിഡന്റ് മുകുൾ റോയ് തുടങ്ങിയവർ പങ്കെടുത്തു.