biplab-kumar

അഗർത്തല: മുഖ്യമന്ത്രിയായി താൻ തുടരാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവോ എന്നറിയാൻ അഗർത്തലയിലെ പൊതുജനങ്ങളുടെ യോഗം വിളിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്.

13ന് തലസ്ഥാന നഗരമായ അഗർത്തലയിലെ വിവേകാനന്ദ സ്റ്റേഡിയത്തിന് സമീപമുള്ള അസ്താബൽ മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ജനഹിതം ആരായുക. സംസ്ഥാനത്തെ 37 ലക്ഷം ജനങ്ങളിൽ ആർക്ക് വേണമെങ്കിലും വരാമെന്നും താൻ തുടരണോ വേണ്ടയോ എന്നതിൽ അഭിപ്രായം പറയാം. ജനഹിതം അറിഞ്ഞശേഷം അതനുസരിച്ച് തീരുമാനം എടുക്കുമെന്നും ബിപ്ലബ് പറഞ്ഞു. അതേസമയം, ബിപ്ലബ് അധികാരത്തിൽ തുടരുമെന്നും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതിർന്ന നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും സംസ്ഥാന ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന വിനോദ് സോൻകർ പറഞ്ഞു.

ബിപ്ലബിനെതിരേ ഭരണകക്ഷിയായ ബി.ജെ.പി.യിൽ കലാപമുയരുന്നുവെന്ന വാർത്തകൾക്കിടെയാണ് ഈ അസാധാരണ നടപടി.

രണ്ടുദിവസം മുമ്പ് ത്രിപുര ഗസ്റ്റ് ഹൗസിൽ സംസ്ഥാന നേതാക്കന്മാരുമായി സോൻകർ ചർച്ച നടത്തിയപ്പോൾ പുറത്ത് ബിപ്ലബിനെ മാറ്റൂ, ബി.ജെ.പിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി വൻ ജനക്കൂട്ടമാണ് അണിനിരന്നത്.

കഴിഞ്ഞമാസം ബി.ജെ.പിയിലെ വിമത എം.എൽ.എ.മാർ ഡൽഹിയിൽപ്പോയി പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദയെക്കണ്ട് ബിപ്ലബിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2018 മാർച്ചിലാണ് ബിപ്ലബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 25 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിലേറിയത്. അറുപതംഗ നിയമസഭയിൽ ബി.ജെ.പിക്കും സഖ്യകക്ഷിയായ ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്കുംകൂടി 44 സീറ്റുണ്ട്.