vaccine

ലണ്ടൻ: ഫൈസർ വാക്സിൻ അലർജി പ്രശ്നങ്ങൾ ഉള്ളവർ സ്വീകരിക്കരുതെന്ന് നിർദ്ദേശവുമായി ബ്രിട്ടൻ. വാക്സിൻ നൽകിയ ആദ്യദിവസം തന്നെ രണ്ട്പേരിൽ ആരോഗ്യപ്രശ്നങ്ങൾ പ്രകടമായതോടെയാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അലർജിയുള്ളവരിൽ വാക്സിന്റെ ഉപയോഗമെങ്ങനെ ബാധിക്കുമെന്ന് കൂടുതൽ പഠനങ്ങൾ നടത്തുമെന്നും മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി അറിയിച്ചു. ഏജൻസിയുടെ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഫൈസറും വ്യക്തമാക്കി. സാധാരണ പുതിയ വാക്സിനുകൾ ഇറങ്ങുമ്പോൾ അലർജിയുള്ളവർക്ക് ഏജൻസി മുന്നറിയിപ്പ് നൽകാറുണ്ട്.കഠിനമായി അലർജി അവസ്ഥകളുള്ളവരെ തങ്ങളുടെ അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നതായും വളരെ കുറഞ്ഞ ശതമാനം പേരിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ട്രയലിൽ കണ്ടെത്തിയെന്നും ഫൈസർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ മുതിർന്നവർക്കും ആരോഗ്യപ്രവർത്തകർക്കും വാക്സിൻ വിതരണം ആരംഭിച്ചത്. അസ്വസ്ഥതകൾ പ്രകടമാക്കിയവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.