
ജനീവ: ഫൈസർ കൊവിഡ് വാക്സിൻ നിർമാണം വലിയ രീതിയിൽ രാഷ്ട്രീയവത്കരിക്കപ്പെടുകയാണെന്ന് ഫൈസർ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ബോറുല. വാക്സിനെ കുറിച്ച് ജനങ്ങൾക്ക് പല ആശങ്കകളുമുണ്ട്. എന്നാൽ, ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ല. വളരെ വേഗത്തിലാണ് വാക്സിനുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിനാൽ വാക്സിൻ നിർമാണം വലിയ രീതിയിൽ രാഷ്ട്രീയവത്കരിക്കപ്പെടുകയാണെന്ന് ഫൈസർ മേധാവി അൽബർട്ട് ബോറുല പറഞ്ഞു.
വാക്സിനുകളെ കുറിച്ച് രാഷ്ട്രീയപരമായ ചർച്ചകളാണ് നടക്കുന്നത്. അതിന് ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. സുരക്ഷിതമായ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനികൾ മുൻഗണന നൽകുന്നത്. നിയന്ത്രണ ഏജൻസികളും ഇക്കാര്യത്തിൽ ജാഗ്രത തുടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാക്സിൻ പരീക്ഷണം നടത്തിയത്. ഇപ്പോൾ നിലവിലുള്ള വാക്സിനുകളുടെ അത്രത്തോളം സുരക്ഷിതത്വം ഈ സാങ്കേതിക വിദ്യക്കുമുണ്ട്. ഉയർന്ന നിലവാരത്തിലാണ് വാക്സിൻ പരീക്ഷണം നടത്തിയതെന്നും ഫൈസർ സി.ഇ.ഒപറഞ്ഞു.