
ബംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ നിയമസഭയില്‍ പാസായി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഉപരിസഭയില്‍ കൂടി ബില്‍ പാസാകുകയും ഗവര്‍ണര്‍ ഒപ്പുവെക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് കന്നുകാലികളെ കൊല്ലുന്നത് നിയമവിരുദ്ധമാകും. പശു, കാള, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നവര്‍ക്ക് 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ഏഴ് വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം.
കുറ്റം തെളിഞ്ഞാല്‍ പ്രതിയുടെ വാഹനങ്ങള്‍, ഭൂമി, വസ്തുക്കള്‍, കാലികള്‍ എന്നിവ കണ്ടുകെട്ടാനും നിയമം അനുവദിക്കുന്നുണ്ട്. സംശയം തോന്നുന്ന സ്ഥലങ്ങളില്‍ എസ് ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താം. ആവശ്യമെങ്കില്‍ കാലികളെ പിടിച്ചെടുക്കാനും പൊലീസിന് കഴിയും. 2012ലെ ഗോവധ നിരോധന നിയമപ്രകാരമാണ് ഗോവധവും ബീഫ് വില്‍പ്പനയും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
2018ലെ കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയില്‍ ബി ജെ പി ഉയര്‍ത്തി കാണിച്ച
പ്രധാന പ്രഖ്യാപനമായിരുന്നു ഗോവധ നിരോധനം. അധികാരത്തില്‍ എത്തിയാല്‍ ഈ നിയമം കൊണ്ടുവരുമെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളും അവകാശമുന്നയിച്ചിരുന്നു. നേരത്തെ 2010ല്‍ ബി ജെ പി കര്‍ണാടകത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍. യദ്ദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരത്തില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, രാഷ്ട്രപതിയുടെ അംഗീകാരം ഇതിന് ലഭിച്ചിരുന്നില്ല. പിന്നീട് 2013ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ ബില്‍ പിന്‍വലിക്കുകയും ചെയ്തു.