apple

സിംഗപ്പൂർ: വ്യത്യസ്തമായ നിർമ്മിതി കൊണ്ട് ജനശ്രദ്ധ നേടിയിരിക്കുകയാണ് ആപ്പിൾ മരീന ബേ സാന്റ്സ് 'ഫ്‌ളോട്ടിംഗ് സ്റ്റോർ'. തങ്ങളുടെ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്ന തരത്തിലാണ് ആപ്പിളിന്റെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ, സിംഗപ്പൂരിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആപ്പിൾ മരീന ബേ സാന്റ്സ് സ്റ്റോർ ഉപഭോക്താക്കൾക്കും സഞ്ചാരികൾക്കും ഒരു പോലെ കൗതുകമുണർത്തുന്നതാണ്.

ആപ്പിളിന്റെ മറീന ബേ സാന്റ്സ് സ്‌റ്റോർ പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. കൂടാതെ നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ചകളും അതിമനോഹരമായ സ്‌കൈലൈനും വാഗ്ദാനം ചെയ്യുന്നുണ്ട്. പൂർണമായും ഗ്ലാസിൽ പണിത ഒരു കുംഭഗോപുരം പോലെയുള്ള ആപ്പിൾ സ്‌റ്റോർ കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്.

കുത്തനെയുള്ള 10 ബാറുകളിൽ 114 ഗ്ലാസുകൾ ചേർത്തുവച്ചാണ് ഈ കുംഭഗോപുരം നിർമ്മിച്ചിട്ടുള്ളത്. താഴികക്കുടത്തിന്റെ അഗ്രത്തിൽ വിടർന്ന കൺമിഴി പോലെ ഒരു വിടവുണ്ട്. ഇത് വഴിയാണ് പ്രകാശം അകത്തേക്ക് കടക്കുന്നത്. റോമിലെ പന്തീയോൻ എന്ന ക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്റ്രോർ നിർമ്മിച്ചിട്ടുള്ളത്. പകൽസമയത്ത് സൂര്യതാപം കുറയ്ക്കുന്നതിനും രാത്രി സമയത്തെ ലൈ​റ്റിംഗ് ഇഫക്റ്റ് നൽകുന്നതിനും ഗ്ലാസിന്റെ ഇന്റീരിയറിൽ വ്യത്യസ്തമായ ഡിസൈനുകളിൽ തടിപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ആപ്പിൾ മറീന ബേ സാൻഡ്സിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യാനായി 23 ഭാഷകളിൽ സംസാരിക്കുന്ന 150 ഓളം ജീവനക്കാരെയാണ് ആപ്പിൾ നിയമിച്ചിട്ടുള്ളത്.

നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് വ്യൂ നൽകുന്ന തരത്തിലാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണം. ആപ്പിളിന്റെ,​ സിംഗപൂരിലെ മൂന്നാമത്തെ റിട്ടെയിൽ ഔട്ട്ലെറ്റ് കൂടിയാണിത്. 40 വർഷം മുൻപാണ് ആപ്പിൾ സിംഗപ്പൂരിൽ ആദ്യത്തെ സ്​റ്റോർ ആരംഭിക്കുന്നത്. അന്ന് മുതൽ ആപ്പിളിനു ഏറെ പ്രചാരമുള്ള രാജ്യമാണ് സിംഗപൂർ. കൊറോണ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഈ സ്​റ്റോറിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്