
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് പിടിക്കാനിറങ്ങിയ എം.എൽ.എ ഷാഫി പറമ്പിലിനെയും കൂട്ടാളികളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് നഗരസഭയിലെ 52-ാം വാര്‍ഡ് ഒലവക്കോട് സൗത്തിലെ പൂക്കാരത്തോട്ടത്തിലാണ് സംഭവം.അമ്പതിലധികം ആളുകളുമായി നിശബ്ദ പ്രചരണ ദിവസം വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയ എം.എല്‍.എയെയാണ് വീട്ടുകാർ ഇറക്കിവിട്ടത്.
മാസ്‌ക് ധരിക്കാതെയും കൈയില്‍ സാനിറ്റൈസര്‍ ഇല്ലാതെയുമായിരുന്നു എം.എൽ.എയും കൂട്ടാളികളും എത്തിയത്. എത്തിയവീട്ടിലാകട്ടെ നിരീക്ഷണത്തിൽ കഴിയുന്ന ആളുകളാണ് ഉണ്ടായിരുന്നത്.
ഇതോടെയാണ് വീട്ടുടമ കൂടിയായ കോൺഗ്രസ് പ്രവർത്തകൻ പ്രകോപിതനായത്. മാസ്‌ക് ധരിക്കാതെ പ്രചരണം നടത്തുന്നതിനെതിരെ ഇയാൾ ശബ്ദമുയർത്തുകയും ചെയ്‌തു. ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാന്‍ പറ്റില്ല’ എന്ന് പറഞ്ഞാണ് എം.എൽ.എയും കൂട്ടരും തിരികെ പോയത്. തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ വീടുകളിലും എം.എല്‍.എയും സംഘവും കയറിയിറങ്ങി വോട്ടഭ്യർത്ഥന നടത്തി.
അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോൺഗ്രസ് പ്രവർത്തകനുമായി തർക്കിക്കുന്ന ഷാഫി പറമ്പലിന്റെ വീഡിയോ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. എം.എല്‍.എയുടെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.